ഇന്ത്യൻ വ്യോമസേനാ ദിനം

Editorial
ഇന്ത്യൻ വ്യോമസേനാ ദിനം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

കരസേന, നാവികസേന, വ്യോമസേന; ഭാരതത്തിന്റെ കെട്ടുറപ്പ് ഈ മൂന്നു കൈകളിൽ സുരക്ഷിതമാണ്. ഇന്ത്യയുടെ വ്യോമസൈനിക പ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ ഇന്ത്യൻ വായുസേന. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യൻ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌. 1932 ഒക്ടോബർ 8 ന് നിലവിൽ വന്ന ഭാരതീയ വായുസേന, ദേശരക്ഷാ പ്രക്രിയയിൽ നിർണ്ണായക സ്ഥാനം വഹിക്കുന്നു.

തുടക്കത്തിൽ 6 ആഫീസർമാരും, 19 എയർമാൻമാരും (Airmen) മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ എളിയ രീതിയിൽ ആയിരുന്നു തുടക്കമെങ്കിലും അഞ്ചു വർഷത്തിനുള്ളിൽ (1938) ഫ്ലൈറ്റുകളുടെ എണ്ണം മൂന്നായി ഉയരുകയും, ഒരു സ്ക്വാഡ്രൻ നിലവിൽ വരികയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിലെ സജീവ പങ്കാളിത്തത്തോടെ ഇന്ത്യൻ വ്യോമസേന ഏറെ പ്രായോഗികാനുഭവങ്ങൾ നേടുകയും, കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്‌തു. രണ്ടാം ലോക മഹായുദ്ധത്തിൽ ഇവർ വഹിച്ച ധീരമായ പങ്ക് കണക്കിലെടുത്ത് ഈ സേനയ്ക്ക് “റോയൽ” എന്ന ബഹുമതിപദം നൽകിയതോടെ, സേനയുടെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നായി മാറി. ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ സേനയ്ക്ക് “ഇന്ത്യൻ വ്യോമസേന” എന്ന നാമം കൈവന്നു. ഇതേ തുടർന്ന് പുതിയ പ്രതീകങ്ങളും ചിഹ്നങ്ങളും പ്രത്യക്ഷപ്പെട്ടു. എയർമാർഷൽ സുബ്രതോ മുഖർജി ഇന്ത്യൻ വ്യോമസേനാ മേധാവിയായി 1954-ൽ നിയമിതനായതോടെ വ്യോമസേനയിലെ ഭാരതവൽക്കരണം പൂർണമായി.

ഓരോ രാജ്യത്തിനും അവരവരുടെ അഭിമാനചിഹ്നങ്ങളിൽ വളരെയേറെ പ്രാധാന്യമുള്ള സ്ഥാനമാണ് പ്രതിരോധ സേനാ സംവിധാനങ്ങൾക്കുള്ളത്. ഇന്ത്യൻ വ്യോമസേനാ ദിനമായ ഈ ദിനത്തിൽ നമ്മൾ ഭാരതീയർക്ക് ആകാശ ചിറക് കൊണ്ട് സംരക്ഷണമേകുന്ന എല്ലാ ധീര ആകാശ പോരാളികൾക്കും ഒരു ബിഗ് സല്യൂട്ട്.

Cover Photo: @IAF_MCC

Leave a Reply

Your email address will not be published. Required fields are marked *