കാലാന്തരങ്ങളിൽ വന്ന പല കാര്യങ്ങളും നമ്മുടെ ചിന്തകളെയും പ്രവർത്തികളെയും മാറ്റിയിരിക്കുന്നു. ഒരു വാർത്ത നമുക്ക് കിട്ടിയാൽ പെട്ടന്ന് തന്നെ നമ്മുടെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാൻ നാം ഇന്ന് തിരക്ക് കൂട്ടുകയാണ്. ഈ തിരക്കിൽ നാം നമുക്ക് ലഭിച്ച വാർത്തയുടെ ഉറവിടത്തേ കുറിച്ചോ, സത്യാവസ്ഥയെ കുറിച്ചോ ആലോചിക്കാൻ സമയം കണ്ടത്തുന്നില്ല എന്നതാണ് യാഥാർഥ്യം. മുൻപെല്ലാം വാർത്തകൾക്കായി റേഡിയോ അല്ലങ്കിൽ ദൃശ്യമാധ്യമങ്ങൾ എന്നിവയെ ആയിരുന്നു നമ്മൾ ആശ്രയിച്ചിരുന്നത്; എന്നാൽ ഇന്ന് സമൂഹ മാധ്യമങ്ങളിൽ, നാം വിരലോടിക്കുമ്പോൾ നമ്മുടെ ചിന്തകളെ ഒന്ന് ഉടക്കി നിർത്തുക, നമ്മുടെ ബുദ്ധിയെ വളരെ കുറഞ്ഞ സമയം കൊണ്ട് ഒന്ന് തളച്ചിടുക എന്ന ലക്ഷ്യത്തോടെയാണ് പല വാർത്തകളും സൃഷ്ടിക്കപ്പെടുന്നത്. ഇതിൽ നല്ല രീതിയിൽ ഒരു വിവരത്തെ പറ്റി വിശകലനം ചെയ്ത്, ആ വിവരത്തിന്റെ ഉറവിടത്തെക്കുറിച്ച് ഉത്തമ ബോധ്യമുള്ള വാർത്തകളും ഉണ്ടായിരിക്കാം.
പക്ഷെ തീർത്തും സ്വതന്ത്രമായ ഒരു എഴുത്തുപ്രതലത്തിൽ തെറ്റായ വാർത്തകൾ ശരിയേക്കാൾ കൂടുതൽ പടരുന്നു എന്നത്, വായനക്കാരായ നമ്മൾ ഓരോരുത്തരുടെയും വിവേചനബുദ്ധിയെ വരെ ഇത്തരം വ്യാജവാർത്തകൾ കീഴ്‌പ്പെടുത്തികളയുന്നു എന്നതിന് ഉദാഹരണമായി കണക്കാക്കാം. ഉദാ: : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മുടെ കേരളത്തിൽ അജ്ഞാത ജീവിയുടെ ഫോട്ടോകളും, മൺമറഞ്ഞുപോയ ദിനോസറുകൾക്ക് സമാനമായ ശബ്ദശകലങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതും നമ്മുടെ കുസൃതി നിറഞ്ഞ മനസ്സിന്റെ വികൃതിയായി കണക്കാക്കാം. പലപ്പോഴും ഇത്തരം കുസൃതികൾ അതിരു കടക്കുന്നുണ്ടെന്ന് നാം ഓരോരുത്തരും തിരിച്ചറിയണം.
കുറച്ച് സമയത്തെ മാനസികോത്സാഹം കൊണ്ടും, മാനസിക വൈകൃതം കൊണ്ടും ചിലർ തയ്യാറാക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾ നമ്മൾ വിശ്വസിക്കുന്നതിന് മുൻപ് രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്,എങ്ങിനെയാണ് ഒരു വാർത്തയുണ്ടാകുന്നത്; ഏതെങ്കിലും ഒരു സംഭവത്തെ കുറിച്ചുള്ള വാർത്തയെങ്കിൽ നമുക്ക് കിട്ടിയ ഒരു വാർത്താ ശകലത്തെ മറ്റൊരാൾക്ക് പങ്കിടുന്നതിനു മുൻപ് ആ വാർത്തയുടെ ഉറവിടം, തെളിവിനായുള്ള രേഖകൾ, വാർത്ത ആദ്യമായി പുറത്ത് വിട്ട ഏജൻസിയുടെ പ്രസ്താവനകൾ എന്നിവ പരിശോധിച്ച് അതിലെ സത്യം യുക്തിപൂർവ്വം മനസ്സിലാക്കി വേണം അത് പങ്കിടാൻ. രണ്ട്, നമുക്ക് ലഭിച്ച ഒരു ദൃശ്യ ശകലമോ, ശബ്ദമോ, അല്ലങ്കിൽ ഒരു ലിഖിത വിജ്ഞാപനമോ ശരിയാണെന്ന പൂർണ്ണ ഉറപ്പിന്മേൽ ആയിരിക്കണം നാം അത് പങ്കിടുന്നത്.
പലപ്പോഴും ഇത്തരത്തിൽ ഒരു വ്യാജവാർത്ത ഉണ്ടാക്കുന്ന ഒരു വ്യക്തിയോ അതോ കൂട്ടമോ അവരിലേക്കുള്ള വാതിലുകൾ അടച്ചെന്നു കരുതിയായിരിക്കും ഇത്തരത്തിൽ വ്യാജ പ്രചരണ വാർത്താ ശകലങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ നമ്മുടെ സൈബർ പോലീസ് സംവിധാനങ്ങളിൽ ഇവയെല്ലാം കണ്ടെത്താനുള്ള വഴികൾ ധാരാളമുണ്ട്; അവരുടെ ആ സൈബർവേട്ടയിൽ ഇത്തരം വ്യാജ വാർത്തകൾ സൃഷിക്കുന്നവർക്കൊപ്പം ഇത്തരം വാർത്തകൾ പങ്കിടുന്നവരും, അവരറിഞ്ഞോ അറിയാതെയോ ചെയ്ത ഈ വ്യാജ പ്രചാരണത്തിൽ പിടിക്കപ്പെടുന്നു.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഭൂരിഭാഗം വാർത്തകളും വ്യാജവാർത്തകളുടെ വിഭാഗത്തിൽ വരുന്നതാണെന്നാണ് മുംബൈയിലെ ഒരു സർവകലാശാല അടുത്തിടെ നടത്തിയ ഒരു സർവേയുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ഈ വിഷയത്തിന്റെ ഗൗരവം എത്രത്തോളമാണെന്ന് ചൂണ്ടികാണിക്കുന്നു. ഇത്തരത്തിൽ വ്യാജവാർത്തകൾ തടയുന്നതിനായി നമ്മുടെ സംസ്ഥാനത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ “ആന്റി ഫേക്ക് ന്യുസ്” വിഭാഗം പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ഈ പ്രത്യേക യൂണിറ്റിൽ ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ നിന്ന് നിയോഗിക്കപ്പെട്ട അംഗങ്ങൾക്ക് പുറമെ ആരോഗ്യം, പോലീസ്, ഐ. ടി വകുപ്പിലെ പ്രതിനിധികളും അംഗങ്ങളായിരിക്കും എന്നത് ഈ ഉദ്യമത്തിന് കൂടുതൽ വെളിച്ചമേകുന്നു. ഏതൊരു പ്രതിസന്ധി കാലത്തും നമ്മൾ ആ പ്രശ്നത്തിൽ നിന്ന് വഴുതിമാറി വൈകാരിക വിശകലനങ്ങൾക്ക് സമയം ചിലവിടേണ്ടിവരുന്നതിനും ഇത്തരം വ്യാജ വാർത്തകൾ കാരണമാകുന്നുണ്ട്.
ഈ ലോക്ക്ഡൗൺ സമയത്തും നമ്മുടെ നാട്ടിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന തൊഴിലാളികൾ ഒരു സ്ഥലത്ത് സംഘടിച്ചതിനു പിന്നിലും വ്യാജവാർത്ത കുസൃതിയാണെന്നു നാം ഓർക്കണം. ചിലർ ഒരു പ്രതിസന്ധിയുണ്ടാകുമ്പോൾ നട്ടെല്ല് നിവർത്തി ആ പ്രശ്നത്തെ നേരിടാൻ ഇറങ്ങുമ്പോൾ, വ്യാജവാർത്ത പ്രചരണക്കാർ അവരവരുടെ സ്വന്തം നട്ടെല്ല് പണയംവച്ച് ഇത്തരം നീചപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഏതൊരു വാർത്തയും നമ്മളിലേക്കെത്തുമ്പോൾ രണ്ടു തവണ ആലോചിക്കുക, ഇതിനു പിന്നിൽ വ്യക്തമായ സ്രോതസ്സുണ്ടോ, അതോ കള്ളത്തരമാണോ എന്ന്.
“മക്കളെ നുണപറയരുത്, ദൈവകോപമുണ്ടാകും” , എന്ന് ചൊല്ലിക്കൊടുത്ത നാം, അറിഞ്ഞും അറിയാതെയും കോറോണയെക്കാൾ വിഷം നിറഞ്ഞ വ്യാജവാർത്തകളുടെ വാഹകരായി മാറുന്നു. നിങ്ങൾ ഒരു വ്യാജ സന്ദേശം കൈമാറിയാൽ ഓർക്കുക, നിങ്ങളും ആ നുണപ്രചാരണത്തിൽ പങ്കാളിയാണ്. ബുദ്ധി പ്രയോഗിക്കാം, വേഗത കുറയ്ക്കാം, സത്യത്തോടൊപ്പം നിന്ന് പ്രവർത്തിക്കാം, ഇതായിരിക്കട്ടെ നമ്മുടെ ഓരോരുത്തരുടെയും ദൗത്യം.