രക്തചരിത്രമുറങ്ങുന്ന ജാലിയൻവാലാബാഗ്

Editorial
രക്തചരിത്രമുറങ്ങുന്ന ജാലിയൻവാലാബാഗ് – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ഇന്ന് ഏപ്രിൽ 13, 101 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്ന നീചകൃത്യത്തിനു ചരിത്രം സാക്ഷ്യം വഹിച്ചത്. മറ്റേതൊരു ദിവസത്തെ പോലെയും കടന്നു പോകേണ്ടിയിരുന്ന ആ ദിനത്തിൽ, അന്നത്തെ ബ്രിട്ടീഷ് കമാൻഡിങ്ങ് ഓഫീസർ ആയിരുന്ന ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയർ ഉത്തരവിട്ടതിനെ തുടർന്ന് 90 ബ്രിട്ടീഷ്-ഇന്ത്യൻ പട്ടാളക്കാർ ചേർന്ന് ജാലിയൻ വാലാബാഗിൽ ഒത്തുകൂടിയ ജനങ്ങൾക്ക് നേരെ നിർദ്ദാക്ഷണ്യം വെടിയുതിർക്കുകയായിരുന്നു. ഈ ക്രൂരതയുടെ ഭാഗമായി 400-ൽ പരം മരണങ്ങളും 1000-ൽ പരം ആളുകൾക്ക് പരിക്കേറ്റതായും ബ്രിട്ടീഷ് ഏടുകളിലൂടെ ചരിത്രമായി നമ്മുക്ക് മുന്നിലവതരിക്കുമ്പോൾ, ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തിൽ ഇതിന്റെ വ്യാപ്തി 1000-ൽ പരം മരണങ്ങളിലും, 1500-ൽ അധികം പേർക്ക് പരിക്കേറ്റതായും ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ കണക്കുകൾ രേഖപ്പെടുത്താത്ത ചരിത്ര രേഖകളിൽ മരിച്ചവരത്രയും സ്വതന്ത്ര ഭാരതത്തിനുവേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികൾ എന്ന് ഹൃദയം കൊണ്ട് വായിച്ചെടുക്കാം.

6 ഏക്കറിൽ പരന്നു കിടക്കുന്ന ജാലിയൻവാലാബാഗ് എന്ന മൈതാനം; ചുറ്റും 10 അടിയോളം ഉയരമുള്ള കൂറ്റൻ മതിൽ കെട്ടുകളോട് കൂടിയ ഒരു പ്രദേശം. ഒരു ഞായറാഴ്ച ദിവസം, സിഖ് ആഘോഷമായ ബൈസാഖി ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി അവിടെയുള്ള ഗ്രാമവാസികൾ ആ മൈതാനത്ത് ഒത്തുകൂടി; അതിനോടൊപ്പം സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നം കണ്ടുകൊണ്ട്, അവരുടെയെല്ലാം മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ രണ്ടു വീര പുത്രന്മാരായ സത്യപാലിനെയും, സെയ്ഫുദ്ദീൻ കിച്ച്ലുവിനേയും അറസ്റ്റ് ചെയ്ത് നാടുകടത്തിയതിലുള്ള പ്രതിഷേധ സൂചകമായുള്ള സമ്മേളനവും അവിടെ നടന്നിരുന്നു. ഈ വിവരം ജനറൽ ഡയർ അറിയുകയും അദ്ദേഹം ആളുകൾ ഒത്തുകൂടുന്നത് വിലക്കിക്കൊണ്ട് കർഫ്യു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ഇന്നത്തെ പോലെ വാർത്തകൾക്ക് വേഗതയില്ലാത്ത ആ കാലഘട്ടത്തിൽ ഈ അറിയിപ്പ് അധികം പേരിലേയ്ക്കും എത്തിയിരുന്നില്ല. ആളുകൾ തടിച്ചു കൂടിയ ആ മൈതാനത്തിലേയ്ക്ക് ജനറൽ ഡയർ തന്റെ പട്ടാളക്കാരോടൊപ്പം രണ്ടു വണ്ടി നിറയെ യന്ത്രത്തോക്കുകളുമായി അവിടെയെത്തി. എന്നാൽ മൈതാനത്തേക്കുള്ള വാതിലുകൾ വഴി വണ്ടി അകത്തേക്ക് കടത്തുവാൻ സാധിക്കാതിരുന്ന ജനറൽ തന്റെ കർഫ്യു നിർദ്ദേശങ്ങൾ അനുസരിക്കാത്തവരോടുള്ള അമർഷം ഏതുവിധേനയും തീർക്കുവാനായി കൂടെയുണ്ടായിരുന്ന 90 കാലാൾ പട്ടാളത്തോടൊപ്പം മൈതാനത്തേക്ക് പ്രവേശിക്കുകയും, പുറത്തേയ്ക്കുള്ള വാതിലുകൾ പൂട്ടിയ ശേഷം യാതൊരു മുന്നറിയിപ്പുകളും കൂടാതെ നിറയൊഴിക്കാൻ ആജ്ഞാപിക്കുകയും ചെയ്തു. ജനങ്ങൾ പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും തീതുപ്പുന്ന തോക്കുകൾക്ക് മുന്നിൽ പിടഞ്ഞുവീണുകൊണ്ടിരുന്നു. പത്തുമിനിറ്റിൽ 1650 റൌണ്ട് വെടിയുതിർത്ത ശേഷം തോക്കുകൾ നിശബ്ദമായി. ചുറ്റും ചലനമറ്റ ശരീരങ്ങൾ, അവിടെയുണ്ടായിരുന്ന കിണറ്റിൽ നിന്നും 120 മൃതശരീരങ്ങൾ പിന്നീട് കണ്ടെടുത്തു; ഹണ്ടർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം മരിച്ചവരിൽ സ്ത്രീകളും, കുട്ടികളും, പുരുഷന്മാരും, 6 ആഴ്ച മാത്രം പ്രായമുള്ള ഒരു കുരുന്നും ഉൾപ്പെടുന്നു.

മൂടിവയ്ക്കാൻ ഏറെ ശ്രമിച്ച ഈ കൂട്ടക്കൊലയുടെ വിവരം മെയ് 22 നാണ് കൽക്കട്ടയിൽ എത്തുന്നത്, തുടർന്ന് ഈ നീചകൃത്യത്തോടുള്ള പ്രതിഷേധ സൂചകമായി ശ്രീ രബീന്ദ്രനാഥ ടാഗോർ അദ്ദേഹത്തിന് ബ്രിട്ടീഷുകാർ ചാർത്തി നൽകിയ എല്ലാ പരിഗണനകളും ഉപേക്ഷിക്കുകയും, താൻ ഒരു ഇന്ത്യാക്കാരനാണെന്നും, ഇത്തരം നീചപ്രവർത്തനത്തെ ന്യായീകരിക്കാനാകില്ലന്നും ബ്രിട്ടീഷ് ഹൌസ് ഓഫ് ലോർഡ്സിനെ അറിയിച്ചു. നീണ്ട 21 വർഷത്തിന് ശേഷം 1940 മാർച്ച് 13 ന് ലണ്ടനിലെ കോക്സ്റ്റൺ ഹാളിൽ പ്രസംഗിച്ചുകൊണ്ടിരുന്ന ജനറൽ മൈക്കിൾ ഡയറിനെ പോരാട്ടത്തിൻറെ കനൽ അണയാതെ നെഞ്ചിൽകൊണ്ടു നടന്ന ശഹീദ് ഉദ്ദംസിംഗ് വെടിവെച്ചു കൊല്ലുകയായിരുന്നു; തുടർന്ന് വിചാരണയ്ക്ക് ശേഷം ആ ധീര ദേശാഭിമാനിയും തൂക്കിലേറ്റപ്പെട്ടു.

ഓർക്കാം ഈ ദിനം, അതിജീവനത്തിന്റെ ചരിത്രങ്ങൾ കഴിഞ്ഞാണ് നാം ഓരോരുത്തരും ഇന്ന് ഈ ശ്വസിക്കുന്നത്. ചരിത്രങ്ങൾ മായ്ഞ്ഞുപോകുന്ന ഈ കാലത്ത് ആത്മവീര്യത്തിന്റെ ജ്വാലകൾ അണയാതിരിക്കാനാണ് ഈ ഓർമ്മപ്പെടുത്തലുകൾ.

Cover Photo: Adam Jones from Kelowna, BC, Canada [Plaque Memorializing 1919 Amritsar Massacre – Jallianwala Bagh – Amritsar – Punjab – India]