സമൂഹ വ്യാപനനിയന്ത്രണം എന്ന ജാഗ്രതാവാക്യം

Editorial

കുറേ ഏറെക്കാര്യങ്ങൾ പുതിയതായി പഠിച്ചുകൊണ്ടിരിക്കുന്ന ഈ COVID കാലഘട്ടത്തിൽ നാം അടുത്തിടെ എപ്പോഴും ശ്രവിച്ചുകൊണ്ടിരിക്കുന്ന ഒരു വാചകമാണ്, “ജാഗ്രത വേണം,സമൂഹ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കണം”എന്നുള്ളത്. പലയിടത്തും ബോധവൽക്കരണ യജ്ഞങ്ങൾ അതീവ ശ്രമകരമായി നമ്മുടെ ആരോഗ്യവകുപ്പും, പോലീസും, മറ്റ് സന്നദ്ധപ്രവർത്തകരും നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ചിലർ ഈ സുരക്ഷാവലയത്തിനു വിള്ളലുണ്ടാക്കുന്ന പ്രവർത്തികളിൽ ശ്രദ്ധ ചെലുത്തുന്നു എന്നത് ലജ്ജിക്കേണ്ട കാര്യമായി കണക്കാക്കാം.


കേൾക്കാം നിങ്ങൾക്ക് ഈ എഡിറ്റോറിയൽ!

നമ്മുടെ ഈ അനുസരണക്കേടിനും, അശ്രദ്ധയ്ക്കും മുഖ്യ കാരണമായി കണക്കാവുന്നത് നമ്മുടെ എല്ലാമറിയാമെന്ന ചിന്തയും, ഇൻഫോഡെമിക് എന്ന് ലോകാരോഗ്യ സംഘടന തന്നെ വിശേഷിപ്പിച്ച അമിതമായ “അറിവുകളിലേക്കുള്ള” എത്തിനോട്ടവുമായി കണക്കാക്കാം. നമുക്ക് ലഭിക്കുന്ന ഇത്തരം അറിവുകളിൽ തെറ്റും ശരിയും ഉണ്ടായേക്കാം പക്ഷെ വിവേചനബുദ്ധിയ്ക്കിടം നല്‌കാതെ ഈ അറിവുകൾ കൂടുതൽ പേരിലേക്ക് സമൂഹമാധ്യമങ്ങൾ വഴി പടർത്തിവിടാനുള്ള മനസ്സും നാം ഈ ഘട്ടത്തിൽ നിയന്ത്രിച്ചേ മതിയാകു. സമൂഹ വ്യാപനം തടയുന്നതിനായി സമൂഹത്തിലെ ഒരു അംഗമെന്ന നിലയിൽ നാം പാലിക്കേണ്ട അടിസ്ഥാനപരമായ മുന്നൊരുക്കമായി ഈ സാമൂഹിക അച്ചടക്കത്തെ നമ്മൾ ഓരോരുത്തരും മനസ്സിലാക്കണം.

സമൂഹവ്യാപനം എന്നാലെന്തെന്ന് നമുക്ക് മനസ്സിലാക്കാം. ഒരു പകർച്ചവ്യാധി പകരുന്ന രീതികളിൽ വച്ച് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കാവുന്ന സാഹചര്യമാണ് സമൂഹവ്യാപനം എന്നത്. ഒരു രോഗിയിൽ നിന്നും നേരിട്ടോ അല്ലാതേയോ സമൂഹത്തിലേയ്ക്ക് പടർന്നു കയറുന്നതിൽ നിന്നും മാറി, ഒരാൾക്ക് എവിടെ നിന്ന് ഈ അസുഖം വന്നിരിക്കാം എന്ന് അറിയാതിരിക്കുകയും രോഗം വന്ന വഴി മനസ്സിലാക്കാൻ കഴിയാതെ വരുമ്പോളുമാണ് സമൂഹവ്യാപനം എന്ന പ്രതിസന്ധി രൂപംകൊള്ളുന്നത്. ഉദാ: ഒരു രോഗാവസ്ഥയിലുള്ള രോഗിയുമായി അടുത്തിടപഴകിയവർക്കോ , ഇടപഴകിയവരുമായി സാമൂഹികാകലം പാലിക്കാത്തവരിലേയ്‌ക്കോ, അവരുടെ ഉറ്റവരിലേയ്ക്കും പടർന്നു കയറുന്ന ഈ വൈറസ് പ്രയാണത്തിന്റെ കണ്ണികൾ ചേർത്തുവായിക്കാൻ കഴിയാതെ വരുമ്പോൾ, ഒരാൾക്ക് വന്നതിൻറെ സ്രോതസ്സ് മനസ്സിലാക്കാൻ കഴിയാതെവരുമ്പോളാണ് സമൂഹവ്യാപനം എന്ന വിപത്തുണ്ടാകുന്നത്.

ആരോഗ്യ പരിപാലകരെ സംബന്ധിച്ച് ഈ ഘട്ടം അതീവ സങ്കീർണ്ണതകൾ നിറഞ്ഞതാണ്. നമ്മൾ എവിടെയെല്ലാം പോകുന്നു എന്നത് സത്യവാങ്മൂലം എഴുതി തയ്യാറാക്കാൻ നിർബന്ധിക്കുന്നതും ഈ ഘട്ടത്തിലേക്ക് കടക്കാതിരിക്കുന്നതിനായിട്ടാണെന്നു നാം മനസ്സിലാക്കണം. പക്ഷെ പലപ്പോഴും നാം ഇതിൻറെ തീവ്രത മനസ്സിലാക്കാതെ പലതും വൈകാരികമായി കാണുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നമ്മുടെ നാട്ടിൽ വന്നു കഴിയുന്ന തൊഴിലാളികൾ കൂട്ടത്തോടെ അവരവരുടെ നാടുകളിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്നതും, സമൂഹമാധ്യമങ്ങളിൽ അവരുടെ പലായന ധൗത്യത്തിനു കയ്യൊപ്പ് കൊടുക്കുകയും ചെയ്യുന്നത് ഈ ഘട്ടത്തിൽ നാം നമ്മുടെ നാടിനോട് ചെയ്യുന്ന വലിയ അബദ്ധമായി കരുതണം. ഈ നാളുകളിൽ, അവരും നമ്മളും എന്ന വേർതിരിവില്ല നമ്മൾ ഉണ്ണുകയും ഉടുക്കുകയും ചെയ്യുന്നിടത്തോളം അവരും നമ്മളിലെ ഒരു കണ്ണിയായി സ്വസ്ഥമായിരിക്കും എന്ന് ഒരു സംസ്ഥാനം അവർക്ക് വേണ്ട ഉറപ്പുകൾ നൽകിക്കഴിഞ്ഞു. നമ്മുടെ സംഘടനാ പാടവമെല്ലാം ഈ കോറോണക്കാലം കഴിഞ്ഞു മതി എന്ന് ഓർമ്മപ്പെടുത്തട്ടെ.

ഈ ഘട്ടത്തിൽ നമ്മുടെ നാടിന്റെ നട്ടെല്ലെന്ന് ഭരണകൂടം വരെ വിലയിരുത്തിയ നാം പ്രവാസികൾ, അവരവരുടെ വീടുകളിൽ ഉള്ളവർക്ക് സാമൂഹിക അകലത്തിന്റെ പ്രാധാന്യവും, വ്യക്തി ശുചിത്വത്തിൻറെ കരുതലിനെ കുറിച്ചും കുടുംബ ബോധവൽക്കരണങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നമ്മൾ പലർക്കും അറിയാവുന്നതെന്നു ധരിക്കുന്ന പലതും വേണ്ടവിധം മറ്റുള്ളവർക്ക് അറിയാത്തതുകൊണ്ടാണ് അബദ്ധങ്ങൾ ആവർത്തിക്കുന്നതെന്ന് തിരിച്ചറിയണം. അല്ലങ്കിൽ ലോക്ക്ഡൗൺ ഏഴാം ദിനത്തിലും ആയിരത്തിൽ പരം പ്രബുദ്ധ മലയാളികളെ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതിന് പോലീസ് കേസ് എടുക്കേണ്ടിവരില്ലായിരുന്നു.

ഓരോ കുടുംബവും ഈ ഘട്ടത്തിൽ നമ്മുടെ രാഷ്ട്രത്തോടൊപ്പം, നമ്മുടെ നാടിനൊപ്പം നിലകൊള്ളേണ്ടത് അനിവാര്യമാണ്. ഉത്തരങ്ങളില്ലാത്ത ഈ നാളുകളിൽ കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും, പോലീസിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് സമൂഹവ്യാപനമെന്ന സ്ഥിതിവിശേഷത്തിലേക്കെത്തിക്കാതെ ഈ പ്രതിസന്ധി ഘട്ടം മറികടക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും നിലനില്പ്പിന്റെ അനിവാര്യതയായി കണക്കാക്കണം. “സാമൂഹിക അകലം പാലിക്കാം സമൂഹവ്യാപനം തടയാം“, ഇതായിരിക്കട്ടെ ഈ ഘട്ടത്തിൽ നമ്മുടെ മന്ത്രധ്വനി.

Leave a Reply

Your email address will not be published. Required fields are marked *