ദൈർഘ്യമേറിയ നാൾവഴിയിലൂടെ, വീടും നാടും വിട്ട് പ്രവാസമെന്ന മേൽവിലാസം സ്വീകരിച്ചവർ നാം പ്രവാസികൾ. ദുബായിൽ നിന്നും വന്ന ഇക്ക, കുവൈറ്റിൽ നിന്നും വന്ന അച്ചായൻ, അമേരിക്കക്കാരൻ പണിക്കരേട്ടൻ അങ്ങിനെ ഓരോ നാമത്തിന് മുൻപിലും, വീട്ടുപേരിനു പകരം മറുനാട്ടിലെ സ്മരണയുടെ മേമ്പൊടിയോട് കൂടി നാട്ടുകാരുടെ വിളികൂടിയാകുമ്പോൾ, അവരവരുടെ നാട്ടിലും പ്രവാസി വിദേശിയായി കഴിയേണ്ടിവരുന്നു.
പണ്ട് ലോഞ്ചിലും, കപ്പലിലും സാഹസികമായി ഗൾഫിലേക്ക് ചേക്കേറിയ കഥകളും പുരാതനമായിക്കൊണ്ടിരിക്കുന്നു. ഇപ്പോഴുള്ള തലമുറയ്ക്ക് പ്രവാസത്തിൽ പഴയ തലമുറയ്ക്കുള്ളതുപോലെ മാനസിക വെല്ലുവിളികൾ ഉണ്ടാകാൻ വഴിയില്ല. കാരണം പണ്ടൊക്കെ വീട്ടിലുള്ളവരുടെ ശബ്ദമൊന്ന് കേൾക്കണമെങ്കിൽ, അവരുടെ സ്നേഹവും, പരാതിയും പരിഭവവും അറിയണമെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കണം. ആ ഓർമ്മകൾ ഇന്ന് പറയുമ്പോൾ, പണ്ട് പട്ടാള കഥകളെ ഭയന്നിരുന്നത് പോലെ കേൾവിക്കാർ നെറ്റി ചുളിക്കാൻ തുടങ്ങും. ഇന്ന് പ്രവാസത്തിൻറെ ദൂരം കേവലം ശരീരാകലത്തിലേയ്ക്ക് ചുരുക്കപ്പെട്ടിരിക്കുന്നു. എന്ന് മാത്രമല്ല, അവധിക്കാലത്ത് നാം കെട്ടിപ്പെറുക്കി നാട്ടിലേയ്ക്ക് കൊണ്ടുപോയിരുന്ന ചോക്ലേറ്റിനും, പിസ്‌തയ്‌ക്കും, ബദാമിനും എല്ലാം പഴയപോലെ മാധുര്യമില്ല എന്നും തോന്നിത്തുടങ്ങുന്ന. കാരണം, “ഇവയെല്ലാം നാട്ടിലും കിട്ടാനുണ്ടല്ലോ, പിന്നെ എന്തിനാ അവിടെ നിന്ന് കെട്ടിവലിച്ച് കൊണ്ടുവരുന്നത്” എന്ന പ്രായോഗികത കലർന്ന ബന്ധുജനങ്ങളുടെ ചോദ്യവും കൂടിയാകുമ്പോൾ പലപ്പോഴും പ്രവാസിയ്ക്ക് സംഭവിച്ച മൂല്യച്യുതി കാണാതെ പോകരുത്. അവധിക്ക് നാട്ടിൽ ചെല്ലുമ്പോൾ ഉടുത്തൊരുങ്ങി മേനികാണിക്കാനായി വാങ്ങിയ സെന്റും, കുപ്പായവും ലഗേജിന്റെ വെയിറ്റ് കൂടിയപ്പോൾ എടുത്തു മാറ്റിയത് മണ്ടത്തരമായി എന്ന ചിന്തയെ വൈകാരികമായി കണക്കാക്കാം; എന്നാൽ ഇനി പറയുന്നത് നാം ഓരോ പ്രവാസിയും ശ്രദ്ധിക്കേണ്ട ഒന്നാണ്.
സമൂഹവും, സർക്കാർ സംവിധാനങ്ങളും, എന്തിനധികം ബന്ധുക്കളും, വീട്ടുകാരും വരെ വിലമതിക്കുന്നത് ഓരോ പ്രവാസിയും ചിലവിടുന്ന സാമ്പത്തികത്തിൻറെ ഘനം വച്ചുകൊണ്ടാണ്. അകമഴിഞ്ഞ് ചിലവിടുന്ന ശീലം പ്രവാസികൾ മാറ്റിയെടുക്കേണ്ടത് അനിവാര്യമായി കാണണം. നാളെയ്ക്കുള്ള നീക്കിയിരിപ്പുകൾ സ്വരൂപിക്കുന്നതിൽ അവൻ കാണിക്കുന്ന വിമുഖത പലപ്പോഴും പ്രവാസിയെ ക്ഷീണിതനാക്കുന്നു. പലപ്പോഴും വിരഹത്തിന്റെ വൈകാരികതയിൽ, സാമ്പത്തിക ഭദ്രതയുടെ പ്രായോഗികത നാം മറന്നു പോകുന്നു.
ഇന്ന് നാം എത്തി നിൽക്കുന്ന ഈ പ്രതിസന്ധി വക്കിലെങ്കിലും, നാം ഒരു കൂട്ടായ സാമ്പത്തിക കൂട്ടായ്മയെക്കുറിച്ച് ആലോചിക്കണം. സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്ന പാക്കേജുകൾക്ക് പുറമെ, പ്രവാസത്തിന്റെ സത്യമറിയുന്ന, വിരഹത്തിൻറെയും മനുഷ്യത്വത്തിൻറെയും യഥാർത്ഥ ചിത്രമറിയുന്ന പ്രവാസി സമൂഹം കൂട്ടായി ഇത്തരം ഒരു സമ്പാദ്യ ശീലത്തിന് തുടക്കമിടണം. ഒറ്റയ്‌ക്കൊറ്റയ്ക്ക് നാട്ടിൽ നിക്ഷേപങ്ങൾ നടത്തുന്നതിനൊപ്പം കൂട്ടായ പദ്ധതികൾക്കും രൂപം കൊടുക്കണം, അതിൽ പ്രവാസം കഴിഞ്ഞു മടങ്ങുന്നവർക്ക് മുൻഗണനാടിസ്ഥാനത്തിൽ ജോലിയും ലഭ്യമാക്കണം; കേൾക്കുമ്പോൾ എത്ര സുന്ദരം, പക്ഷെ ഒന്നുമില്ലായ്മയിൽ നിന്ന് ഈ മണൽ നാട്ടിലെത്തി ജീവിതം കരുപിടിപ്പിച്ച നമുക്ക് ശ്രമിച്ചാൽ നടത്താവുന്നതേയുള്ളു, കാരണം പ്രവാസത്തിനും നിറം മങ്ങി തുടങ്ങി, ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം നമ്മുടെ അബദ്ധമെന്ന പതിവ് ശൈലിയിൽ ദീർഘനിശ്വാസമിട്ട് നില്‌ക്കേണ്ടിവരും.