മാറിവരുന്ന ജീവിത സാഹചര്യങ്ങളും, വർദ്ധിച്ചുവരുന്ന മാനസിക വെല്ലുവിളികളിലൂടെയുമാണ് ഇന്നത്തെ നമ്മുടെ ജീവിതം കടന്നുപോകുന്നത്. വിദ്യാഭ്യാസം എന്നാൽ അക്കങ്ങളിൽ അളവുകോൽ നിർണ്ണയിച്ച ഈ കാലത്ത്, വിദ്യാഭ്യാസ രീതികളിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ചാകട്ടെ ഇന്നത്തെ ചിന്ത. നമ്മളിൽ ഏറിയ പങ്കും പൊതു ചർച്ചകളിലും, അഭിപ്രായ സംഭാഷണങ്ങളിലും വിദ്യാഭ്യാസത്തെക്കുറിച്ചും, ഈ രംഗത്തെ മൂല്യച്യുതിയെക്കുറിച്ചും പറയുമെങ്കിലും, വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ സ്വന്തം കുട്ടികൾ എഴുത്തു പരീക്ഷകളിൽ ഉന്നത മാർക്ക് വാങ്ങണം എന്ന് മാത്രം ആഗ്രഹിക്കുന്നു.
കുട്ടികൾ എത്ര പഠിച്ചു എന്ന് നോക്കുന്ന ഈ കാലത്ത് എന്തെല്ലാം പഠിച്ചു എന്ന് കൂടി ആലോചിച്ചാൽ നന്നെന്നു തോന്നുന്നു. പാഠ്യവിഷയങ്ങളിലെ മാറ്റവും, വിദ്യാലയങ്ങളുടെ പ്രവർത്തന മികവിനുമപ്പുറം കുട്ടികൾളുടെ വിദ്യാഭ്യാസത്തിൽ മുഖ്യപങ്ക് വഹിക്കാൻ കഴിയുന്നത് മാതാപിതാക്കൾക്കാണ്. ഇരുത്തി പഠിപ്പിക്കുന്ന കാലം മാറി, ഇപ്പോൾ അവർ തനിയെ പഠിച്ചോളും എന്ന വിശാല ചിന്തയിൽ മാതാപിതാക്കളുടെ ഇത്തരം മുതിർന്ന ചിന്താഗതിയിലേയ്ക്ക് കുട്ടികളുടെ മാനസിക വളർച്ച വന്നെന്നു വരില്ല. അതുകൊണ്ട് അവരുടെ സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം വീട്ടിൽ നിന്നും പറഞ്ഞു കൊടുക്കേണ്ട ചില മൂല്യങ്ങൾ കൂടിയുണ്ടെന്ന് നാം മനസ്സിലാക്കണം.
പല കുടുംബങ്ങളിലും കുട്ടികൾ എന്ത് ആവശ്യപ്പെട്ടാലും കടം മേടിച്ചാണെങ്കിലും ഉടൻ അത് നടപ്പിലാക്കി കൊടുക്കുക എന്ന രീതി കണ്ടുവരാറുണ്ട്. ഇതിൽ നിന്ന് മാറി, ആ ആവശ്യം അനാവശ്യമാണോ, അത്യാവശ്യമാണോ അതോ കുട്ടികൾ അവരുടെ കൂടെ പഠിക്കുന്ന മറ്റുകുട്ടികളുടെ ശൈലികളെ താരതമ്യം ചെയ്ത് ആവശ്യപ്പെടുന്നതാണോ എന്ന് ചിന്തിച്ച ശേഷം വേണം അവരുടെ ആവശ്യങ്ങളെ പരിഗണിക്കാൻ. ഇന്നത്തെ പല പുത്തൻ വീടുകളിലും കുട്ടികൾ ചെറുപ്പത്തിൽ പഠിച്ചിരിക്കണ്ട ക്ഷമ, കരുണ, ദയ, തെറ്റ് പറ്റിയാൽ മാപ്പുചോദിക്കാനുള്ള മനസ്സ്, മൂത്തവരോടുള്ള ബഹുമാനം, കടമകൾ, ഉത്തരവാദിത്വ ബോധം എന്നീ ചില നല്ല ഗുണങ്ങൾക്ക് വലിയ പരിഗണന നൽകുന്നില്ല എന്നതാണ് സത്യം. എന്തിനും ഏതിനും തന്റെ മക്കൾ മത്സരബുദ്ധിയോടെ മുന്നേറുക എന്ന ചിന്തയാണ് സമയമില്ലായ്മയുടെ കഥകൾ പങ്കുവെക്കാനുള്ള പല മാതാപിതാക്കൾക്കും ഇന്നുള്ളത്.
വീടുകളിൽ ഉണ്ടാകുന്ന വഴക്കുകൾ, അതിൽ മാതാപിതാക്കളുടെ പെരുമാറ്റ ശൈലി, ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ എല്ലാം അവരുടെ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക മാറ്റങ്ങൾ വളരെ വലുതാണ്. കുട്ടികളുടെ വിവേകമില്ലായ്മയെ ധൈര്യവും, തന്റേടവുമായി തെറ്റിദ്ധരിച്ച് മറ്റുള്ളവരുടെ മുൻപിൽ വിളംബരം ചെയ്യുന്ന മാതാപിതാക്കളും ഇന്ന് വർദ്ധിച്ചുവരുന്നു. കുട്ടിയെ മാഷ് തല്ലിയാൽ മാഷേ തിരിച്ചു തല്ലാൻ ധൈര്യം കൊടുക്കുന്ന ഈ കാലത്ത്, ‘ഇന്നത്തെ കുട്ടികൾ നാളത്തെ ലോകം‘ എന്ന ചിന്തയോടെ കുട്ടികൾക്ക് പുസ്തക വിദ്യാഭ്യാസത്തോടൊപ്പം ജീവിത മൂല്യങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കേണ്ടത് അനിവാര്യമായി കരുതേണ്ടതാണ്. ‘മാതാ പിതാ ഗുരു ദൈവം’ എന്ന ചിന്തകൾ കുട്ടികളിൽ വരുത്തുന്ന നല്ല മാറ്റങ്ങളെ തിരിച്ചറിഞ്ഞു അവരിൽ പഠനത്തിൻറെ അടിസ്ഥാന തത്വം മത്സരബോധമല്ല മറിച്ച് സഹവർത്തിത്വമാണെന്നു പറഞ്ഞു കൊടുക്കേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമായി നാം മനസ്സിലാക്കണം.
സഹിഷ്ണുത, സഹകരണം, സഹവർത്തിത്വം എന്നീ ഗുണങ്ങൾ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ സാധ്യമാക്കി എടുക്കാൻ കഴിയുന്നു. നെൽസൺ മണ്ടേല അഭിപ്രായപ്പെട്ടതുപോലെ “നിങ്ങൾക്ക് ലോകത്തെ തന്നെ മാറ്റിമറിക്കാൻ ശക്തിയുള്ള ആയുധമാണ് വിദ്യാഭ്യാസം ” , അതുകൊണ്ട് ആ ആയുധം നാം ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടത് സുരക്ഷിതമായ ഭാവിക്ക് അനിവാര്യം.