പുസ്തകം, വിശ്വസ്തനായ സുഹൃത്ത് - ഏപ്രിൽ 23, ലോക പുസ്തക ദിനത്തിലെ പ്രവാസി ഡെയിലി എഡിറ്റോറിയൽ.

പുസ്തകം, വിശ്വസ്തനായ സുഹൃത്ത്.

Editorial
പുസ്തകം, വിശ്വസ്തനായ സുഹൃത്ത് – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

പുസ്തകങ്ങൾ, മാഞ്ഞു പോയ്‌ക്കൊണ്ടിരിക്കുന്ന അനുഭവക്കുറിപ്പുകൾ. “മുൻപെല്ലാം ഞാൻ നല്ലവണ്ണം പുസ്തകങ്ങൾ വായിക്കുമായിരുന്നു, എന്നാൽ ഇന്ന് മൊബൈൽ ഉണ്ടല്ലോ!” ഇത്രയും പറഞ്ഞു നാം അവസാനിപ്പിക്കുന്ന പല നൂതന ചർച്ചകളുടെയും ബാക്കി നാം ഒന്നാലോചിക്കണം. മൊബൈലിൽ നമ്മൾ എത്ര പുസ്തകങ്ങൾ വായിക്കുന്നു. വായിക്കുന്ന ചെറു കുറിപ്പുകളെയും, പങ്കിട്ട് കിട്ടുന്ന വാട്സാപ്പ് ചെറുലേഖനങ്ങളെയും പുസ്തകങ്ങളായി കണക്കാക്കരുത്. നാം ഒരു ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ചു തിരിച്ചുകൊടുക്കുന്ന പുസ്തകവും, നമ്മുടെ ആഗ്രഹം കൊണ്ട് പണംകൊടുത്ത് വാങ്ങി ജീവിതത്തിലുടനീളം സൂക്ഷിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ആകട്ടെ ഇന്നത്തെ ചിന്ത.

ഇന്ന് ഏപ്രിൽ 23, ലോക പുസ്തക ദിനം. പലപ്പോഴും പുസ്തകങ്ങളെ നാം അതിന്റെ പ്രാധാന്യത്തിൽ കാണില്ല എന്ന ചിന്തയിൽ നിന്നായിരിക്കാം 1995-ൽ UNESCO, ‘വേൾഡ് ബുക്ക്സ് ആൻഡ് കോപ്പിറൈറ്റ് ഡേ‘, അഥവാ ‘ഇന്റർനാഷണൽ ഡേ ഓഫ് ദി ബുക്ക്‘ എന്ന ദിനം നിലവിൽ കൊണ്ടുവന്നത്. വായന, പ്രസിദ്ധീകരണം, പകർപ്പവകാശം എന്നീ മൂന്നു ഘടകങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടാണ് വേൾഡ് ബുക്ക് ഡേ ആരംഭിച്ചത്.

ഈ മൂന്നു കാര്യങ്ങളിൽ വായനയും , പ്രസിദ്ധീകരണവും നമുക്ക് അറിയാവുന്നതാണ്; എന്നാൽ പലപ്പോഴും നാം ശ്രദ്ധകൊടുക്കാത്ത ഒരു കാര്യമാണ് കോപ്പിറൈറ്റ് അഥവാ പകർപ്പവകാശം. ഈ ലോക്ക് ഡൗൺ തുടക്കത്തിൽ നമ്മുടെയെല്ലാം മൊബൈലിൽ ചില പരോപകാരികളായ സുഹൃത്തുക്കൾ കുറേ പുസ്തകങ്ങളുടെ പകർപ്പുകൾ ഡിജിറ്റൽ ഫോർമാറ്റിൽ അയച്ചു തന്നിരുന്നത് ഓർക്കുന്നില്ലേ. പിന്നീട് രണ്ടു ദിവസത്തിൽ ഈ സംവിധാനം തെറ്റാണെന്നറിഞ്ഞപ്പോഴും, പകർപ്പവകാശ ലംഘനത്തിന് പോലീസ് കേസുകൾ എടുത്തപ്പോളുമാണ് നാം അറിയാതെ ചെയ്തിരുന്ന ഷെയറിങ് പ്രക്രിയ തെറ്റാണെന്നു ഓരോരുത്തർക്കും ബോധ്യപ്പെട്ടത്.

ഒരു പുസ്തകം രൂപപ്പെടുന്നതിന് ചില പ്രക്രിയകളുണ്ട്, ഒരു നല്ല വായനക്കാരന് ഇതറിയാം, അതുകൊണ്ടാണ് ഇന്നും പുസ്തകങ്ങൾ വാങ്ങി സൂക്ഷിക്കാൻ ആളുകൾ തയ്യാറാവുന്നത്. എന്നാൽ പലപ്പോഴും നമ്മളിൽ പലരും പകർപ്പവകാശങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. ഒരു മോഷണ മുതൽ ഉപയോഗിക്കുന്നതിന് തത്തുല്യമാണ് ഒരു പുസ്തകം നാം അതിന്റെ പകർപ്പുണ്ടാക്കി വിതരണം ചെയ്യുന്നതും. പണ്ടെല്ലാം നമ്മുടെ വീടുകളിൽ നിറയെ പുസ്തകങ്ങൾ ഉണ്ടായിരുന്നു, എന്നാലിന്ന് വായനാ മുറികൾ നാം പണിയുന്നു എന്നിട്ട് ചില്ലുകൂട്ടിൽ കപ്പും, സോസറും, അല്ലറ ചില്ലറ അലങ്കാര വസ്തുക്കളും നിറയ്ക്കുന്നു. പക്ഷെ വായനാ മുറിയിൽ പുസ്തകങ്ങളുമില്ല വായനക്കാരുമില്ല.

പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം.” എന്ന് കുഞ്ഞുണ്ണി മാഷ് അഭിപ്രായപ്പെട്ടത് പോലെ ഓരോ പുസ്തകവും പുതിയ അറിവുകൾ പ്രധാനം ചെയ്യുന്നു. പുസ്തകങ്ങളെ സ്നേഹിക്കുന്നതിനൊപ്പം വായനയുടെ ലോകത്തേയ്ക്ക് പുതുതലമുറ കടന്നു വരേണ്ടതിന്റെ ആവശ്യകതയും നാം സ്കൂൾ തലം മുതൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ട ഒന്നാണെന്ന് ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *