ഇന്ന് ഏപ്രിൽ 22, ലോക ഭൗമ ദിനം. ഭൂമിയെ സംരക്ഷിക്കുക എന്ന ആശയം ജനങ്ങളിൽ വളർത്തുന്നതിനായി 1970 ഏപ്രിൽ 22-ന് അമേരിക്കൻ ഐക്യനാടുകളിൽ തുടക്കം കുറിച്ച ഈ ആശയം, പിന്നീട് ലോകത്തിലെ 193-ൽ പരം രാജ്യങ്ങളിൽ ആചരിച്ചുപോരുന്നു. ഭൗമ ദിനത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തിൽ, ലോകത്തിന് മുന്നിൽ വയ്ക്കുന്ന വലിയ ആശയവും ചിന്തയും “ക്ലൈമറ്റ് ആക്ഷൻ” അഥവാ “കാലാവസ്ഥാ പ്രവർത്തനം” എന്നതാണ്. കാലാവസ്ഥാ വ്യതിയാനവും അതിലൂടെ മനുഷ്യരാശിക്ക് സംഭവിക്കുന്ന മാറ്റങ്ങളും നാം ഓരോരുത്തരും സസൂക്ഷ്‌മം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്നതിനുള്ള അവസരം കൂടിയാണ് ഈ ദിനം നമുക്ക് മുന്നിൽ വയ്ക്കുന്നത്.
പെട്ടന്നുണ്ടായ ഒരു ചിന്തയിൽ നിന്നല്ല ഇത്തരം നിർണ്ണായക ഓർമ്മ ദിനങ്ങൾ ഉണ്ടാകുന്നത്; മറിച്ച് അനുഭവങ്ങളിലൂടെയാണ് ഇത്തരം ഓരോ ഓർമ്മയുടെ നാഴികക്കല്ലുകളും ഉടലെടുക്കുന്നത്. 1969-ൽ കാലിഫോർണിയയിലുള്ള സാന്റാ ബാർബറ എണ്ണ ചോർച്ചയിൽ നഷ്ടമായത് ആയിരകണക്കിന് കടൽപ്പക്ഷികളെയും, ഡോൾഫിനുകളെയും, സമുദ്ര ജീവികളെയുമാണ്. ഇതേ തുടർന്ന് “പരിസ്ഥിതി അവകാശ ദിനം” നിലവിൽ വന്നു. തുടർന്ന് ഈ ഭൂമി മനുഷ്യന് മാത്രം പതിച്ചു കൊടുത്തിട്ടുള്ള ഒരു അവകാശമല്ലെന്നും, മറ്റു ജീവജാലങ്ങൾക്ക് കൂടി സഹവസിക്കാനുള്ള അന്തരീക്ഷവും ശ്രദ്ധയും നാം പുലർത്തേണ്ടതുണ്ട് എന്ന വിശാല ചിന്തയും 1970 ഏപ്രിൽ 22-ന് ലോക ഭൗമ ദിനത്തിന് തുടക്കമിടുന്നതിലൂടെ ലോകത്തിനു മുന്നിൽ തുറന്നു പറയുന്നു.
മലിനമാകുന്ന ജലാശയങ്ങൾ, മാന്തിയെടുക്കപ്പെടുന്ന മലക്കെട്ടുകൾ, വെട്ടിക്കീറിയെടുക്കുന്ന ഭൂമിയുടെ വസ്ത്രമായി കരുതേണ്ട മഴകാടുകൾ; എല്ലാം നാം മനുഷ്യൻ പൊള്ളയായ ലാഭത്തിനായി കയ്യേറുന്നു. ഭൂമിയ്ക്ക് വേണ്ടി സംസാരിക്കുകയും, ഭൂമിയുടെ അസ്ഥിവാരം വരെ തോണ്ടുന്നതിലും നാം സ്വാർത്ഥമനസ്സോടെ വ്യാപൃതരാവുന്നു; കഷ്ടം!
COVID-19 വ്യാപനത്തിൻറെ ഈ വേളയിൽ ഭൂമിയെക്കുറിച്ച് ഓർക്കാൻ നാം ഇനിയും മടികാണിക്കരുത്, കാരണം ഒരുപക്ഷെ ആ ചിന്ത കുറഞ്ഞുവരുന്നതിൽ നിന്നും ഉണ്ടായ ഒരു ജീവിത വെല്ലുവിളിയാകാം ഈ മഹാമാരിയും. വർഷങ്ങളായി നമ്മുടെ ജീവിത സൗകര്യങ്ങൾ ഭൂമിയെ ശ്വാസം മുട്ടിക്കുന്നുണ്ടാകാം, നാം ലളിതമായി അത് കണ്ടില്ലെന്നു നടിക്കുന്നു എന്ന് മാത്രം. മാലിന്യം, അത് നമ്മുടെ പറമ്പിൽ കിടക്കുമ്പോൾ ശ്വാസംമുട്ട് അനുഭവിക്കുന്ന നമ്മളിൽ ചിലർ, ഒരു മതിലിനപ്പുറം അത് മറ്റാരും കാണാതെ പുറം തള്ളുമ്പോൾ, നാം വൃത്തിയോടെ ഒരു കീറകുപ്പായം അണിയുന്നതുപോലെയാണെന്നു മനസ്സിലാക്കണം. ഭൂമിയും പരിസ്ഥിതിയും സുരക്ഷിതമായെങ്കിൽ മാത്രമേ അതിലെ ഒരു ജീവനായ മനുഷ്യനും നിലനില്പ്പുള്ളൂ.
“ഇവിടെയവശേഷിക്കയില്ലാരുമീ ഞാനും
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു
ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി…”
ഭൂമിയെ കുറിച്ചോർക്കുമ്പോൾ ശ്രീ. ഓ എൻ വി കുറുപ്പ് എഴുതിയ ഭൂമിയ്ക്ക് ഒരു ചരമ ഗീതം എന്ന കവിതയിലെ ഈ വരികൾ നാം ഓർക്കുന്നത് നല്ലത്.