മെയ് 12-ന് മാസപ്പിറവി ദൃശ്യമായതോടെ, 2021 മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും ഒമാനിൽ ചെറിയ പെരുന്നാളെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു. ശവ്വാലിലെ ആദ്യ ദിനം, മെയ് 13, വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് മാസപ്പിറവി നിർണയ സമിതി അല്പം മുൻപ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
മെയ് 12-ന് രാത്രി നടന്ന കൂടിയാലോചനകൾക്കു ശേഷമാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. മറ്റു ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ച്ചയാണ് ചെറിയ പെരുന്നാൾ. COVID-19 പശ്ചാത്തലത്തിൽ കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും ഒമാനിൽ ഇത്തവണത്തെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ. സുപ്രീം കമ്മിറ്റിയുടെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
ചെറിയ പെരുന്നാൾ മെയ് 13, വ്യാഴാഴ്ച്ചയായതോടെ ഒമാനിലെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും ഈദ് അവധി ദിവസങ്ങൾ മെയ് 15, ശനിയാഴ്ച്ച വരെയായിരിക്കും. മെയ് 16, ഞായറാഴ്ച്ച മുതൽ പ്രവർത്തിദിനങ്ങൾ ആരംഭിക്കും.