മാസപ്പിറവി ദൃശ്യമായതോടെ, മെയ് 24, ഞായറാഴ്ച്ചയായിരിക്കും ഒമാനിൽ ചെറിയ പെരുന്നാൾ. ശവ്വാലിലെ ആദ്യ ദിനം, മെയ് 24 ഞായർ ആയിരിക്കുമെന്ന് മാസപ്പിറവി നിർണയ സമിതി അല്പം മുൻപ് ഔദ്യോഗികമായി അറിയിച്ചു. ശനിയാഴ്ച്ച മഗ്രിബ് പ്രാർത്ഥന കഴിഞ്ഞ് നടന്ന കൂടിയാലോചനകൾക്കു ശേഷമാണ് സമിതി ഈ തീരുമാനം കൈകൊണ്ടത്. മറ്റു ഗൾഫ് രാജ്യങ്ങളിലും ഞായറാഴ്ച്ചയാണ് ചെറിയ പെരുന്നാൾ.
COVID-19 പശ്ചാത്തലത്തിൽ കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും ഒമാനിൽ ഇത്തവണത്തെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ. കൂട്ടായ ഈദ് പ്രാർത്ഥനകളോ, സമൂഹ സന്ദർശനങ്ങളോ പാടില്ലെന്നും, ജനങ്ങൾ സമൂഹ അകലം ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി. സുപ്രീം കമ്മിറ്റിയുടെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
ചെറിയ പെരുന്നാൾ മെയ് 24, ഞായറാഴ്ച്ചയായതോടെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും ഈദ് അവധി ദിവസങ്ങൾ മെയ് 26, ചൊവ്വാഴ്ച്ച വരെയായിരിക്കും. മെയ് 27, ബുധനാഴ്ച്ച മുതൽ പ്രവർത്തിദിനങ്ങൾ ആരംഭിക്കും.