ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈദുൽ ഫിത്ർ മെയ് 13, വ്യാഴാഴ്ച്ച

GCC News

സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങൾക്ക് പുറമെ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്ർ 2021 മെയ് 13, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് അതാത് രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികൾ അറിയിച്ചു. 2021 മെയ് 11 (റമദാൻ 29), ചൊവ്വാഴ്ച്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്നാണിത്. ഈ രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ മെയ് 12, ബുധനാഴ്ച്ച റമദാൻ മുപ്പതും, മെയ് 13, വ്യാഴാഴ്ച്ച ശവ്വാലിലെ ആദ്യ ദിനവുമായിരിക്കും.

ബഹ്‌റൈൻ

മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും ഈദുൽ ഫിത്റിലെ ആദ്യ ദിനമായി ആഘോഷിക്കുക എന്ന് രാജ്യത്തെ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് (SCIA) അറിയിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മെയ് 11-ന് രാത്രിയാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ മാസപ്പിറവി നിരീക്ഷണ സമിതി മെയ് 11-ന് വൈകീട്ട് SCIA ആസ്ഥാനത്ത് യോഗം ചേർന്നതായും, ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് മെയ് 12, ബുധനാഴ്ച്ച റമദാൻ 30 ആയിരിക്കുമെന്ന് സമിതി അറിയിച്ചു.

കുവൈറ്റ്

രാജ്യത്ത് മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും ഈദുൽ ഫിത്റിലെ ആദ്യ ദിനമെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്സിന് കീഴിലുള്ള മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. ബുധനാഴ്ച്ച റമദാൻ 30 ആയിരിക്കുമെന്നും സമിതി കൂട്ടിച്ചേർത്തു.

ഖത്തർ

ഖത്തറിൽ മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും ഈദുൽ ഫിത്റിലെ ആദ്യ ദിനമെന്ന് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്സിന് കീഴിലുള്ള മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. ഈ സമിതിയുടെ ചെയർമാൻ ഷെയ്ഖ് ഡോ. തഖിൽ അൽ ഷമ്മരിയാണ് ഇക്കാര്യം അറിയിച്ചത്.

മെയ് 11-ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ലെന്ന് ഖത്തറിലെ മാസപ്പിറവി നിരീക്ഷണ സമിതി വ്യക്തമാക്കി. ഇതിനാൽ മെയ് 12, ബുധനാഴ്ച്ച റമദാൻ മുപ്പതും, മെയ് 13, വ്യാഴാഴ്ച്ച ശവ്വാലിലെ ആദ്യ ദിനവുമായിരിക്കുമെന്നും സമിതി കൂട്ടിച്ചേർത്തു.