എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 8 ദശലക്ഷം കടന്നു

UAE

എക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ 2021 ഡിസംബർ 27 വരെയുള്ള ദിനങ്ങളിൽ 8 ദശലക്ഷത്തിലധികം പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. ആഗോള തലത്തിൽ തന്നെ 2021-ൽ സംഘടിപ്പിക്കപ്പെടുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒത്ത് ചേരലിൽ സന്ദർശകരുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സംഘാടകർ എക്സ്പോ 2020 ദുബായ് വേദിയിൽ നടപ്പിലാക്കിയിട്ടുണ്ട്.

സന്ദർശകരുടെയും, ജീവനക്കാരുടെയും ഉൾപ്പടെ എക്സ്പോ 2020 ദുബായ് വേദിയിലെത്തുന്ന മുഴുവൻ പേരെയും പരിരക്ഷിക്കുന്ന രീതിയിലാണ് ഈ മേളയിലെ COVID-19 സുരക്ഷാ നടപടികൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എക്സ്പോ 2020 ദുബായിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ശരിയായ രീതിയിലുള്ള മാസ്കുകളുടെ ഉപയോഗം ഉൾപ്പടെയുള്ള മുൻകരുതൽ നടപടികൾ നിർബന്ധമാണ്.

കഴിഞ്ഞ ആഴ്‌ചയിൽ, എക്‌സ്‌പോ 2020 ദുബായ് വേദിയിൽ വര്‍ണ്ണശബളമായ അലങ്കാരങ്ങൾ, പകിട്ടേറുന്ന ഉത്സവ പരേഡുകൾ തുടങ്ങിയ അതിഗംഭീരമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചിരുന്നു. ആയിരക്കണക്കിന് സന്ദർശകരാണ് എക്സ്പോ വേദിയിലെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്ക്ചേർന്നത്.

ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ, ഈ ആഘോഷപരിപാടികൾക്കിടയിലും സന്ദർശകരും അവതാരകരും COVID-19 മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ പ്രകടിപ്പിച്ച കൂട്ടുത്തരവാദിത്വം ഏറെ ശ്രദ്ധേയമായി. ഡിസംബർ 22-ന് നടന്ന പ്രത്യേക സംഗീതപരിപാടിയ്ക്കിടയിൽ അക്കാദമി, ഗ്രാമി അവാർഡുകൾ നേടിയ സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ പ്രേക്ഷകരുടെ ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റത്തിന് നന്ദി പ്രകടിപ്പിച്ചരുന്നു. അദ്ദേഹം എല്ലാവരോടും മാസ്കുകൾ ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള സുരക്ഷാ നടപടികൾ തുടർന്നും പാലിക്കാൻ ആഹ്വാനം ചെയ്തു.

ക്രിസ്മസ് ദിനത്തിൽ നടന്ന പരിപാടികൾക്കിടെ അവാർഡ് ജേതാവായ നടിയും ഗായികയുമായ ലിയ സലോംഗ, അന്താരാഷ്ട്ര പ്രശസ്തയായ ഗായികയും പിയാനിസ്റ്റുമായ ജോ സ്റ്റിൽഗോ എന്നിവരും സുരക്ഷാ മുൻകരുതൽ നടപടികളോട് സന്ദർശകർ പ്രകടമാക്കുന്ന ഉത്തരവാദിത്വം പ്രത്യേകം ചൂണ്ടിക്കാട്ടുകയും, പ്രശംസിക്കുകയും ചെയ്തു.

ലോക എക്സ്പോ വേദിയിൽ വെച്ച് മാനവികതയ്‌ക്കായി 2021 ഡിസംബർ 24-ന് ഹോളി സീ ഒരു പ്രാർത്ഥനാ ശുശ്രൂഷ നടത്തിയിരുന്നു. അവാർഡ് ജേതാവായ ലെബനീസ് ഗായിക ടാനിയ കാസിസും, ഫെസ്റ്റിവൽ കോറസും സംഘടിപ്പിച്ച പ്രത്യേക കരോൾ ശ്രദ്ധയാകർഷിച്ചു. യുകെയിലെ ഏറ്റവും വിജയകരമായ സുവിശേഷ ഗായകസംഘമായ ലണ്ടൻ കമ്മ്യൂണിറ്റി ഗോസ്പൽ ഗായകസംഘവും, അമേരിക്കൻ സോൾ ആർട്ടിസ്റ്റ് നയിയ ഇസുമിയും എക്സ്പോ വേദിയിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു.

മാസ്മരികമായ ആഘോഷങ്ങളുമായി പുതുവർഷത്തെ വരവേൽക്കാൻ എക്സ്പോ 2020 ദുബായ് വേദി ഒരുങ്ങിയതോടെ ഇനി വരും ദിനങ്ങളിലും ലോക എക്സ്പോ വേദിയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വലിയ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് ഉറപ്പാണ്. 2022-നെ വരവേൽക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും നീണ്ട് നിൽക്കുന്ന മായിക കാഴ്ച്ചകളും, ആഘോഷപരിപാടികളുമാണ് എക്സ്പോ വേദിയിൽ ഒരുക്കുന്നത്.

ജൂബിലി പാർക്കിൽ 2021 ഡിസംബർ 31-ന് രാത്രി 11:30 മുതൽ ജനക്കൂട്ടത്തെ ആവേശം കൊള്ളിക്കാൻ ഒരുങ്ങുന്ന ഡിജെ സ്റ്റാർ ദിമിത്രി വെഗാസ്, ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് സംഗീത നിർമ്മാതാക്കളിലൊന്നും, ഡിജെയുമായ ആർമിൻ വാൻ ബ്യൂറൻ രാത്രി 1:30-ന് ഒരുക്കുന്ന പരിപാടികൾ എന്നിവ പുതുവർഷവേളയിൽ എക്സ്പോ വേദിയിലെത്തുന്നവരുടെ ഇന്ദ്രിയങ്ങൾക്ക് ഒഴിവാക്കാനാവാത്ത ആഘോഷങ്ങളാകുന്നതാണ്. ഇതിന് പുറമെ നിരവധി അറബ്, ഫിലിപ്പിനോ, ഇന്ത്യൻ ഡിജെകൾ എക്സ്പോ വേദിയിൽ അന്ന് വൈകീട്ടുടനീളം പരിപാടികൾ അവതരിപ്പിക്കുന്നതാണ്.

2022 പിറക്കുന്ന നിമിഷത്തിലും, ജനുവരി 1-ന് പുലർച്ചെ 3 മണിക്കും ഒരുക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന രണ്ട് കരിമരുന്ന് പ്രദർശനങ്ങൾ, 2022-നെ സ്വീകരിക്കുന്ന മുഹൂർത്തത്തിൽ അൽ വാസൽ പ്ലാസയിൽ ഒരുക്കിയിട്ടുള്ള പ്രത്യേക ‘ബോൾ ഡ്രോപ്പ്’ ചടങ്ങ് തുടങ്ങി വിവിധ രീതിയിലുള്ള ആഘോഷ പരിപാടികളാണ് പുതുവത്സരത്തിൽ എക്സ്പോ വേദിയിൽ അരങ്ങേറുന്നത്. എക്‌സ്‌പോ 2020 വേദിയെ ദുബായ് നഗരവുമായി ആയാസരഹിതമായി ബന്ധിപ്പിക്കുന്നതിനായി ദുബായ് മെട്രോ പുതുവത്സരത്തിലുടനീളം തുടർച്ചയായി പ്രവർത്തിക്കുന്നതാണ്.

WAM