ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിൽ അക്രമവാസന വർധിക്കാനിടയാക്കുമെന്ന് അബുദാബി പോലീസ്

UAE

ഹിംസാത്മകമായ ആശയങ്ങൾ അടങ്ങിയ ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളിലും, കൗമാരക്കാരിലും അക്രമവാസന കൂട്ടുന്നതിനു കാരണമായേക്കാമെന്ന് അബുദാബി പോലീസ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. അമിതമായ കമ്പ്യൂട്ടർ ഗെയിമുകളുടെ സ്വാധീനം, ഇത്തരക്കാരെ കുറ്റകൃത്യങ്ങളിലേക്ക് വരെ നയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

അമിതമായി ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുന്നവരിൽ ആസക്തി, ഏകാന്തത, മിഥ്യാബോധം മുതലായവ പ്രകടമാകാറുണ്ടെന്നും, ഇവ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് ഇവരെ നയിക്കാമെന്നും അധികൃതർ രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി.

ഇലക്ട്രോണിക് ഗെയിമുകളിലെ അക്രമരംഗങ്ങൾ, എന്തും അനുകരിച്ച് നോക്കുന്നതിനുള്ള കുട്ടികളുടെ മനസ്ഥിതിയെ സ്വാധീനിക്കാമെന്നും, ഇത് മറ്റു കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്ന തലത്തിലേക്ക് വളരാമെന്നും പോലീസ് അറിയിച്ചു. കുട്ടികൾ തിരഞ്ഞെടുക്കുന്ന വിനോദങ്ങളിലും, അവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഗെയിമുകളിലും രക്ഷിതാക്കളുടെ ഇടപെടലുകളും, നിരീക്ഷണവും അത്യാവശ്യമാണെന്നും അബുദാബി പോലീസ് കൂട്ടിച്ചേർത്തു.

വേനൽ അവധിക്കാലം ആരംഭിച്ച സാഹചര്യത്തിൽ കുട്ടികളുടെയും, കൗമാരക്കാരുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും, കമ്പ്യൂട്ടർ ഗെയിമുകളുടെയും ഉപയോഗത്തിൽ രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുട്ടികൾ ഓൺലൈൻ ഗെയിമുകളുടെ ഭാഗമായി ബന്ധപ്പെടുന്ന സുഹൃത്തുക്കളുടെ വിവരങ്ങൾ മനസ്സിലാക്കാനും, ഇത്തരം വിനോദങ്ങൾക്ക് കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും രക്ഷിതാക്കളോട് അധികൃതർ ആഹ്വാനം ചെയ്‌തിട്ടുണ്ട്. വിനോദത്തിലൂടെ വിജ്ഞാനവും നേടാവുന്ന മറ്റു പ്രവർത്തനങ്ങളിലേക്ക് അവരെ നയിക്കാൻ രക്ഷിതാക്കളുടെ ഇടപെടലുകൾ സഹായകമാകുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.