ഹജ്ജ് 2022: ജൂൺ 23 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ്

GCC News

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് 2022 ജൂൺ 23 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. 2022 ജൂൺ 22-നാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി തീർത്ഥാടകർക്കായി ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ് കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുന്നതാണ്. 2022 ജൂൺ 23 മുതൽ ജൂലൈ 20 വരെയുള്ള കാലയളവിൽ ജിദ്ദയിലേക്ക് 31 അധിക വിമാനസർവീസുകൾ ഏർപ്പെടുത്തിയതായി എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.

ഇതേ കാലയളവിൽ മദീനയിലേക്ക് നിലവിൽ ദിനംപ്രതിയുള്ള സർവീസുകളുടെ ഇരട്ടി വിമാനങ്ങൾ സർവീസ് നടത്തുമെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ഹജ്ജ് വിസയിലുള്ള യാത്രികർക്കായാണ് ഈ സർവീസുകൾ.

ഇത്തരം യാത്രികർ 65 വയസിന് താഴെ പ്രായമുള്ളവരും, സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവരുമായിരിക്കണമെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ഇവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR റിസൾട്ട് നിർബന്ധമാണ്.