സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്കുകൾ 2021 ജൂലൈ 21 വരെ തുടരുമെന്ന് എമിറേറ്റ്സ് അറിയിച്ചു. https://www.emirates.com/ae/english/help/travel-updates/ എന്ന വിലാസത്തിൽ നൽകിയിട്ടുള്ള എമിറേറ്റ്സ് വിമാനങ്ങളുടെ യാത്രാ നിബന്ധനകളുമായി ബന്ധപ്പെട്ട അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
യു എ ഇയിലേക്ക് ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള പ്രവേശനം വിലക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും, ഈ വിലക്ക് സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്ന് യു എ ഇയിലേക്കും, തിരികെയുമുള്ള വിമാനങ്ങൾക്ക് ബാധകമാണെന്നും എമിറേറ്റ്സ് അറിയിച്ചു. EK763 എന്ന ഒരു യാത്രാ വിമാനം മാത്രം ദിനവും ജോഹന്നാസ്ബർഗിലേക്ക് യാത്രാ സേവനങ്ങൾ നൽകുമെന്നും എമിറേറ്റ്സ് കൂട്ടിച്ചേർത്തു.
14 ദിവസങ്ങൾക്കിടയിൽ സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും, ഈ രാജ്യങ്ങളിലൂടെ കടന്ന് പോയവർക്കും ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങളിൽ യാത്രാനുമതി നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്കുകൾ ചുരുങ്ങിയത് ജൂലൈ 21 വരെ തുടരുമെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.