ഏപ്രിൽ 6 മുതൽ രാജ്യത്തിന് പുറത്തേക്കുള്ള ഏതാനം യാത്ര സർവീസുകൾ നടത്തുന്നതിന് എമിറേറ്റ്സിനു അനുമതി ലഭിച്ചതായി എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇദ്ദേഹം ഈ വിവരം പങ്ക് വെച്ചത്. കൊറോണാ വൈറസ് വ്യാപനത്തെത്തുടർന്ന് നിലവിൽ യു എ ഇയിൽ വ്യോമഗതാഗതം നിർത്തി വെച്ചിരിക്കുകയാണ്.
ഏപ്രിൽ 6 മുതൽ യു എ ഇയിൽ നിന്നും പുറത്തേക്കുള്ള ചില യാത്രാ സർവീസുകളാണ് എമിറേറ്റ്സ് നടപ്പിലാക്കുക. നിലവിൽ യു എ ഇയിൽ ഉള്ള സന്ദർശകരെ വിവിധ രാജ്യങ്ങളിൽ തിരികെ എത്തിക്കുന്നതിനായുള്ള സർവീസുകളാവും ഇവ.
ഇത് കൂടാതെ വ്യോമ മാർഗ്ഗത്തിലൂടെയുള്ള ചരക്ക് ഗതാഗതത്തിനും ഇത്തരം സർവീസുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താമസിയാതെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.