യു എ ഇ: എമിറേറ്റ്സ് ലൂണാർ മിഷൻ; ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള ആദ്യ ഉദ്യമം ഇന്ന്

UAE

എമിറേറ്റ്സ് ലൂണാർ മിഷന്റെ ഭാഗമായി റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ലാൻഡറിന്റെ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള ആദ്യ ഉദ്യമം ഇന്ന് (2023 ഏപ്രിൽ 25, ചൊവ്വാഴ്ച) നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. 2023 ഏപ്രിൽ 24-ന് MBRSC ഡയറക്ടർ ജനറൽ സലേം അൽ മാരി ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

2023 ഏപ്രിൽ 25-ന് രാത്രി 8.40-നാണ് (യു എ ഇ സമയം) റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ജാപ്പനീസ് ലാൻഡർ വാഹനമായ ‘HAKUTO-R’ ചന്ദ്രോപരിതലത്തിലിറങ്ങുന്നത്. ചന്ദ്രോപരിതലത്തിലെ അറ്റ്ലസ് ക്രേറ്റർ മേഖലയിൽ ഇറങ്ങുന്നതിനാണ് ലാൻഡർ ലക്ഷ്യമിടുന്നത്.

ചന്ദ്രോപരിതലത്തിലിറങ്ങുന്നതിന്റെ പ്രാരംഭനടപടികളുടെ ഭാഗമായി ലാൻഡർ ഏപ്രിൽ 25-ന് വൈകീട്ട് 7:40-ന് അതിന്റെ ഭ്രമണപഥത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന നടപടികൾ കൈക്കൊള്ളുന്നതാണ്. എന്നാൽ ഈ തീയതിയും സമയവും നിരവധി ബാഹ്യഘടകങ്ങളുമായി ബന്ധപ്പെട്ടാണ് നിശ്ചയിക്കപ്പെടുന്നതെന്നും, ഇവയിൽ മാറ്റം വരുന്ന സാഹചര്യങ്ങളിൽ ഏപ്രിൽ 25 എന്ന ലാൻഡിംഗ് തീയതി, സമയം എന്നിവ മാറാമെന്നും MBRSC നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനായി ഏപ്രിൽ 26, മെയ് 1, മെയ് 3 എന്നീ തീയതികളിലൊന്ന് തിരഞ്ഞെടുക്കുമെന്നും MBRSC വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: WAM.