എമിറേറ്റ്സ് യാത്രികർക്ക് COVID-19 ചികിത്സാ പരിരക്ഷ

GCC News

ആഗോളതലത്തിൽ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക്, കൊറോണ വൈറസുമായി ബന്ധപ്പെട്ട ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് പരിരക്ഷ നൽകുന്ന പദ്ധതിയുമായി എമിറേറ്റ്സ്. എമിറേറ്സ് എയർലൈൻ സേവനങ്ങൾ ഉപയോഗിച്ച് യു എ ഇയിൽ നിന്നും, യു എ ഇയിലേക്കും ലോകത്തെ എല്ലായിടങ്ങളിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ഈ പരിരക്ഷ, നിബന്ധനകൾക്ക് വിധേയമായി ലഭിക്കുന്നതാണ്.

ഈ പദ്ധതി പ്രകാരം യാത്രാ വേളയിൽ COVID-19 രോഗബാധിതരാകുന്ന യാത്രികർക്ക് 150,000 യൂറോ (ഏതാണ്ട് 6,38,686 ദിർഹം) വരെയുള്ള ചികിത്സാ ചെലവുകളും, 14 ദിവസത്തെ ക്വാറന്റീനിനായി, ദിനവും 100 യൂറോ (ഏതാണ്ട് 425 ദിർഹം) വരെയും പരിരക്ഷയ്ക്ക് അർഹത ഉണ്ടായിരിക്കും.

“അന്താരാഷ്ട്ര തലത്തിലുള്ള യാത്രകളിൽ യാത്രികരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഈ തീരുമാനം നടപ്പിലാക്കുന്നതിൽ എമിറേറ്റ്സിന് അതിയായ അഭിമാനമുണ്ട്. ആഗോളതലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ പതിയെ ഇളവുകൾ അനുവദിക്കാൻ ആരംഭിച്ച സാഹചര്യത്തിൽ എമിറേറ്സ് നടപ്പിലാക്കുന്ന ഈ തീരുമാനം, യാത്രകളിൽ നേരിടേണ്ടിവരാവുന്ന അവിചാരിതമായ പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുള്ള സഹായങ്ങൾ യാത്രികർക്ക് വാഗ്ദാനം ചെയ്യുന്നു.”, എമിറേറ്സ് ഗ്രൂപ്പ് ചെയർമാൻ H. H ഷെയ്ഖ് അഹ്‌മദ്‌ ബിൻ സയീദ് അൽ മക്തൂം ഈ പദ്ധതിയെക്കുറിച്ച് അഭിപ്രായപ്പെട്ടു.

“വ്യോമ മേഖലയിലെ യാത്രകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും, മുൻകരുതലുകളും എമിറേറ്സ് കൈക്കൊണ്ടിട്ടുണ്ട്. രോഗവ്യാപന സാധ്യത തീർത്തും ഒഴിവാക്കുന്ന ആരോഗ്യ സുരക്ഷാ നടപടികൾ എമിറേറ്സ് യാത്രികർക്ക് ഉറപ്പ് നൽകുന്നു. യാത്രികരുടെ സുരക്ഷ മുൻനിർത്തിയുള്ള നടപടികൾ എമിറേറ്സ് ഒരു പടികൂടി കടന്ന് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്; വ്യോമയാന മേഖലയിൽ ആദ്യമായി ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക്, യാത്രാ വേളയിൽ COVID-19 ബാധിതരാകുന്ന പക്ഷം, ആരോഗ്യ പരിചരണത്തിനും, ക്വാറന്റീൻ നടപടികൾക്കും വരാവുന്ന ചെലവുകൾക്ക് തീർത്തും സൗജന്യമായി പരിരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പരിരക്ഷ എമിറേറ്സിന്റെ എല്ലാ ക്ലാസ് യാത്രികർക്കും, എല്ലാ യാത്രായിടങ്ങളിലേക്കും ലഭ്യമാക്കിയിട്ടുണ്ട്. ഒക്ടോബർ 30 വരെയുള്ള യാത്രകൾക്കാണ് ഈ പരിരക്ഷ ലഭിക്കുന്നത്. എമിറേറ്സ് സേവനങ്ങൾ ഉപയോഗിച്ച് നടത്തുന്ന യാത്രകൾക്ക്, യാത്രാ തീയതി മുതൽ 30 ദിവസത്തേക്കാണ് ഈ പരിരക്ഷ നൽകുന്നത്. ഇതിനായി യാത്രികരുടെ ഭാഗത്തു നിന്ന് പ്രത്യേക രജിസ്‌ട്രേഷൻ നടപടികളോ, ചെലവുകളോ ആവശ്യമില്ലെന്നും എമിറേറ്സ് അറിയിച്ചിട്ടുണ്ട്.

യാത്ര വേളയിൽ COVID-19 രോഗബാധിതരാകുന്നവർക്ക് ഈ പരിരക്ഷ നേടുന്നതിനായി +971 4 2708825 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിക്കുകയോ, അല്ലെങ്കിൽ +971 56 3589937 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ഉപയോഗിച്ച് സന്ദേശം അയക്കുകയോ ചെയ്യാം. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ https://www.emirates.com/english/help/covid19-cover/ എന്ന വിലാസത്തിൽ ലഭ്യമാണ്.