ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിച്ച എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് അവസാനിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ജനുവരി 8-ന് വൈകീട്ടാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദോഫാർ ഗവർണറേറ്റിലെ തുമറയ്ത്ത് വിലയത്തിലെ അൽ ഖാദിഫ് മേഖലയിൽ സംഘടിപ്പിക്കപ്പെട്ട ഈ മേള 2021 ഡിസംബർ 23-നാണ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത്.
പതിനേഴ് ദിവസം നീണ്ട് നിൽക്കുന്ന രീതിയിൽ സംഘടിപ്പിക്കപ്പെട്ട എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ വിനോദസഞ്ചാര മേഖലയിൽ വലിയ വിജയം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി.
മേളയുടെ സമാപനത്തിന്റെ ഭാഗമായി ഒരു പ്രത്യേക പരിശീലന പരിപാടി, അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള ഒരു വാക്കത്തോൺ, മരങ്ങൾ വെച്ച് പിടിപ്പിക്കുന്ന ചടങ്ങുകൾ തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു.
രാജ്യത്തിനകത്തും, പുറത്തുനിന്നുമായി നിരവധി വിനോദസഞ്ചാരികളും, സന്ദർശകരും എംറ്റി ക്വാർട്ടർ ഫെസ്റ്റിവൽ വേദി സന്ദർശിച്ചതായി ദോഫാർ ഗവർണറേറ്റിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഖാലിദ് ബിൻ അബ്ദുല്ല അൽ അബ്‌രി വ്യക്തമാക്കി. ദോഫാർ മരുഭൂമികളിലെ ശീതകാല ടൂറിസത്തിന് ഈ മേള ഉണർവ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിവിധ വിനോദപരിപാടികൾ, കായികമത്സരങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വാണിജ്യ പ്രദർശനങ്ങൾ, കരകൗശലവസ്തുക്കളുടെ പ്രദർശനം എന്നിവ എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.
സാഹസിക പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി പാരാഗ്ലൈഡിങ്ങ്, ഒമാനിൽ ആദ്യമായി അവതരിപ്പിക്കുന്ന മണൽക്കുന്നുകൾക്കിടയിലൂടെയുള്ള സിപ്പ് ലൈൻ, പരമ്പരാഗത ഷൂട്ടിംഗ് മത്സരങ്ങൾ, മണൽപ്പരപ്പുകളിലൂടെയുള്ള വാഹനങ്ങൾ ഉപയോഗിച്ചുള്ള പ്രകടനങ്ങൾ എന്നിവയും എംറ്റി ക്വാർട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായിരുന്നു.
Cover Image: Oman News Agency.