ദുബായ്: ഗ്ലോബൽ വില്ലേജിൽ വിനോദപ്രകടനങ്ങളും, കരിമരുന്ന് പ്രയോഗവും താത്‌കാലികമായി നിർത്തലാക്കി

UAE

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ദുബായിലെ ഗ്ലോബൽ വില്ലേജിൽ വിവിധ വിനോദപ്രകടനങ്ങളും, തെരുവുകളിൽ നടത്തുന്ന കലാപരിപാടികളും താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി 3 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

അടുത്ത രണ്ട് വാരാന്ത്യങ്ങളിൽ ഗ്ലോബൽ വില്ലേജിലെ കരിമരുന്ന് പ്രയോഗവും ഒഴിവാക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രതിരോധ നടപടികൾ കർശനമാക്കാനുള്ള ദുബായ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ 2020 ഒക്ടോബർ മുതൽ ആരംഭിച്ചിരുന്നു.

“കൃത്യമായ സമൂഹ അകലം ഉറപ്പാക്കുന്ന രീതിയിൽ മിഷൺ സ്പീഡ് സ്റ്റണ്ട് ഷോ തുടരുന്നതാണ്. ഗ്ലോബൽ വില്ലേജിലെ മറ്റു ആകർഷണങ്ങൾ കർശനമായ സുരക്ഷാ മുൻകരുതലുകളോടെ പ്രവർത്തിക്കുന്നതാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നത്. ഓപ്പൺ എയർ ഷോപ്പിംഗ്, ഡൈനിങ്ങ്, വിവിധ റൈഡുകൾ മുതലായവ ആസ്വദിക്കുന്നതിനായി ഞങ്ങൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. ദിനവും വൈകീട്ട് നാല് മണി മുതലാണ് ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കുന്നത്.”, ഗ്ലോബൽ വില്ലേജ് അധികൃതർ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

പൊതു സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി 2021 ഫെബ്രുവരി 2, ചൊവ്വാഴ്ച്ച മുതൽ എമിറേറ്റിലെ മാളുകളിലും മറ്റും തിരക്കൊഴിവാക്കുന്നതിനുള്ള വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിനായി എമിറേറ്റിലെ COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിൽ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് മാറ്റം വരുത്തിയിരുന്നു.

Photo: @GlobalVillageAE