ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുന്നതായുള്ള അറിയിപ്പ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) ആവർത്തിച്ചു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, സൗദിയിലേക്ക് യാത്രാ വിലക്കുകൾ ഇല്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം മാത്രമാണ് നിലവിൽ പ്രവേശനം അനുവദിക്കുന്നത്.
ഇന്ത്യ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, ടർക്കി, ബ്രസീൽ, അർജന്റീന, സൗത്ത് ആഫ്രിക്ക, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് 2021 ഫെബ്രുവരി മുതൽ ഈ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് യാത്രചെയ്യുന്ന സൗദി പൗരന്മാർ, ആരോഗ്യ പ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഈ വിലക്കിൽ ഇളവ് നൽകിയിരിക്കുന്നത്.