2021 ജൂൺ 27 മുതൽ രാജ്യത്തെ ഏതാനം പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം ആറായിരം സ്‌ക്വയർ മീറ്ററിൽ താഴെ വിസ്‌തീർണമുള്ള കോഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറുകൾ, സമാന്തര മാർക്കറ്റുകൾ മുതലായവയ്ക്ക് ബാധകമല്ലെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഈ തീരുമാനം കോഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറുകൾ, സമാന്തര മാർക്കറ്റുകൾ, മീൻ, മാംസം, പച്ചക്കറി മുതലായ ഭക്ഷ്യവസ്തുക്കളുടെ വില്പനശാലകൾ എന്നിവയ്ക്ക് ബാധകമല്ലെന്നും, ഇത്തരം ഇടങ്ങളിലേക്ക് വാക്സിൻ സ്വീകരിക്കാത്തവർക്കും പ്രവേശനം നൽകുമെന്നുമാണ് സർക്കാരിലെ സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ വാണിജ്യകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റുകളിലേക്ക് വാക്സിനെടുക്കാത്തവർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ജൂൺ 27 മുതൽ കുവൈറ്റിലെ മാളുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ പൊതുഇടങ്ങളിലേക്ക് വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്ക് വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി ‘My Mobile ID’ അല്ലെങ്കിൽ ‘Immune’ എന്നീ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്. 2021 ജൂൺ 27 മുതൽ കുവൈറ്റിൽ ‘My Mobile ID’ അല്ലെങ്കിൽ ‘Immune’ എന്നീ ആപ്പുകളിൽ പച്ച, ഓറഞ്ച് എന്നീ നിറങ്ങളിൽ വാക്സിനേഷൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാണ് റെസ്റ്റാറന്റുകൾ, കഫേ, മാളുകൾ, ജിം, ബ്യൂട്ടി സലൂൺ, തിയേറ്റർ, സിനിമാശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്:
രാജ്യത്തെ പത്ത് പ്രധാന ഷോപ്പിംഗ് മാളുകളിൽ ജൂൺ 27, ഞായറാഴ്ച്ച മുതൽ പബ്ലിക് സെക്യൂരിറ്റി പോലീസ് സേനയിലെ അംഗങ്ങളെ പരിശോധനകൾക്കായി വിന്യസിച്ചിട്ടുണ്ട്. ഈ മാളുകളിലെ ഓരോ പ്രവേശന കവാടങ്ങളിലും ഇത്തരത്തിൽ രണ്ട് പൊലീസുകാരെ നിയമിച്ചിട്ടുണ്ടെന്നും, ഇവർ വാണിജ്യ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിച്ചുറപ്പ് വരുത്തുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ജനറൽ ഫരാജ് അൽ സോയൂബി വ്യക്തമാക്കി.