അബുദാബി: വിദേശത്ത് നിന്നെത്തുന്ന COVID-19 വാക്സിനെടുക്കാത്തവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമെന്ന് ഇത്തിഹാദ്

UAE

വിദേശത്ത് നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന COVID-19 വാക്സിനെടുക്കാത്ത യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണെന്ന് ഇത്തിഹാദ് എയർവേസ്‌ അറിയിച്ചു. ഈ തീരുമാനം 2021 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

https://www.etihad.com/en/travel-updates/all-destinations-travel-guides എന്ന വിലാസത്തിൽ ഇത്തിഹാദ് എയർവേസിന്റെ പുതുക്കിയ യാത്രാ നിബന്ധനകൾ ലഭ്യമാണ്. ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് മാത്രമാണ് ക്വാറന്റീൻ നടപടികളിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ ഏറ്റവും പുതുക്കിയ പട്ടിക (2021 ജൂലൈ 31-ന് പ്രസിദ്ധീകരിച്ചത്) https://pravasidaily.com/abu-dhabi-updates-green-list-of-covid-19-safe-countries-from-july-31-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.

വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ 2021 ഓഗസ്റ്റ് 15, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ഓഗസ്റ്റ് 14-ന് അറിയിച്ചിരുന്നു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തിഹാദ് അബുദാബിയിലേക്കുള്ള തങ്ങളുടെ പുതുക്കിയ യാത്രാ നിർദ്ദേശങ്ങൾ അറിയിച്ചിരിക്കുന്നത്.

വിദേശരാജ്യങ്ങളിൽ നിന്ന് എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിദേശത്ത് നിന്നെടുത്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ചും അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്.