COVID-19: ഒമാൻ ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം

Oman

കൊറോണ വൈറസുമായി ബന്ധപ്പെട്ട്, നിലവിൽ രാജ്യം ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സഈദി അഭിപ്രായപ്പെട്ടു. ജൂലൈ 2-ലെ പ്രത്യേക COVID-19 പത്ര സമ്മേളനത്തിലാണ് അദ്ദേഹം ജാഗ്രത തുടരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

“എല്ലാവരും ഉത്‌കണ്‌ഠപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.”, അൽ സഈദി അറിയിച്ചു. ഒരാഴ്ചകൊണ്ട് രോഗബാധിതരുടെ എണ്ണത്തിൽ 9000-ത്തിൽ പരം കേസുകളുടെ വർദ്ധനവ്, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും ജാഗ്രത പുലർത്തേണ്ടതിന്റെ സൂചനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരോടും സമൂഹ അകലം പാലിക്കാനും, അനാവശ്യ യാത്രകൾ ഒഴിവാക്കാനും, കഴിയുന്നതും വീടുകളിൽ തുടരാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഒമാനിലെ മുഴുവൻ ജനങ്ങളും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട സമയമാണിതെന്ന് ഓർമപ്പെടുത്തിയ അൽ സഈദി, എല്ലാവരോടും സ്വയം രോഗവാഹകരാണെന്ന തരത്തിലുള്ള മുൻകരുതലുകൾ, മുഴുവൻ സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി, സ്വീകരിക്കാനും ആവശ്യപ്പെട്ടു. സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകൾ ഒമാനിൽ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിരന്തരം മുന്നറിയിപ്പുകൾ നൽകിയ ശേഷവും ഇത് തുടരുന്നതിനാൽ, ശിക്ഷാ നടപടികൾ കൂട്ടുമെന്നും, ഇപ്രകാരം വീഴ്ചകൾ വരുത്തുന്നവരുടെ വിവരങ്ങൾ സമൂഹത്തിൽ പങ്ക് വെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.