ഒമാൻ: വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാൽ മുറിച്ച് കടക്കാൻ ശ്രമിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു

Oman

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ബോധപൂർവം നീര്‍ച്ചാൽ മുറിച്ച് കടക്കാൻ ശ്രമിച്ച ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2022 ജൂലൈ 20-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

കനത്ത മഴയെത്തുടർന്ന് വെളളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹനത്തിൽ നീര്‍ച്ചാൽ മുറിച്ച് കടക്കാൻ ശ്രമിച്ച ഏഷ്യൻ വംശജനായ ഡ്രൈവറെ നോർത്ത് ശർഖിയ ഗവർണറേറ്റിലെ പോലീസ് അധികൃതരാണ് അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ ഈ നടപടി സ്വന്തം ജീവനും, വാഹനത്തിലെ മറ്റുള്ളവരുടെ ജീവനും അപകടം ക്ഷണിച്ച് വരുത്തുന്നതിന് ഇടയാക്കിയതായി പോലീസ് ചൂണ്ടിക്കാട്ടി.

ഇദ്ദേഹത്തിനെതിരെ പോലീസ് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് 500 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ അറിയിച്ചിരുന്നു. ഇത്തരം വ്യക്തികൾക്ക് ഇതിന് പുറമെ മൂന്ന് മാസം തടവും ശിക്ഷയായി ലഭിക്കുന്നതാണ്.

Cover Image: File Photo by Oman News Agency.