ഒമാൻ പൗരന്മാരല്ലാത്തവർക്കും ഒമാനിൽ ഫ്ലാറ്റുകളും, ഓഫീസുകളും സ്വന്തമായി വാങ്ങുന്നതിന് അനുവാദം നൽകാൻ മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ പ്ലാനിംഗ് തീരുമാനിച്ചു. രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്വ് നൽകാൻ ലക്ഷ്യമിടുന്ന ഈ തീരുമാന പ്രകാരം പ്രവാസികൾക്ക് ബഹുനില വാണിജ്യ, പാർപ്പിട കെട്ടിടങ്ങളിൽ ഇടം സ്വന്തമാക്കാവുന്നതാണ്.
വകുപ്പ് മന്ത്രി ഡോ. ഖൽഫാൻ ബിൻ സൈദ് അൽ ഷുഐലി ഒക്ടോബർ 18-ന് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ ഉത്തരവ് പ്രകാരം കൈവശപ്പണയ വ്യവസ്ഥയിലാണ് ഇത്തരം ഫ്ലാറ്റുകളും, ഓഫീസുകളും പ്രവാസികൾക്ക് വാങ്ങുന്നതിന് അനുവാദം നൽകുന്നത്. രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പുത്തനുണർവ്വ് കൊണ്ടുവരുന്നതിനും, നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ തീരുമാനം സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ തീരുമാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ മസ്‌കറ്റ് ഗവർണറേറ്റിലായിരിക്കും പ്രവാസികൾക്ക് ഫ്ലാറ്റ്, ഓഫീസ് എന്നിവ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്. തുടർന്ന് ഈ തീരുമാനത്തിന്റെ ഫലപ്രാപ്തി അവലോകനം ചെയ്ത ശേഷം ഒമാനിലെ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതാണ്. മസ്‌കറ്റിൽ ബൗഷർ, അൽ ഖുവൈർ, വട്ടായ, മിസ്ഫാ, അമീററ്റ്, ഖാലാ ഹൈറ്റ്സ്, അൽ സീബ്, അൽ ഖൗഡ്, മബേല മുതലായ ഇടങ്ങളിലാണ് ഈ തീരുമാനം ആദ്യം പ്രാബല്യത്തിൽ വരുന്നത്.
ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്:
- ഓരോ ബഹുനില വാണിജ്യ, പാർപ്പിട കെട്ടിടസമുച്ചയങ്ങളിലെയും പരമാവധി 40 ശതമാനം യൂണിറ്റുകളാണ് പ്രവാസികൾക്ക് വിൽക്കാൻ അനുവാദം നൽകുന്നത്. ഒരേ രാജ്യത്ത് നിന്നുള്ളവർക്ക് പരമാവധി 20 ശതമാനം യൂണിറ്റുകളെ വിൽക്കാൻ അനുവദിക്കൂ.
- ഇത്തരത്തിൽ വസ്തു വാങ്ങുന്നവർ ചുരുങ്ങിയത് 2 വർഷമെങ്കിലും ഒമാനിൽ താമസിച്ചിട്ടുള്ളവരായിരിക്കണം. ഇവരുടെ പ്രായം 23-ന് മുകളിൽ ആയിരിക്കണം.
- വസ്തു വാങ്ങുന്നവർക്കും, അവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്കും ഇത്തരത്തിൽ ഒരു യൂണിറ്റ് മാത്രമായിരിക്കും വാങ്ങാൻ അനുമതി നൽകുക.
- വസ്തു വാങ്ങി നാല് വർഷത്തിന് ശേഷം മാത്രമാണ് അവ വിൽക്കാൻ അനുവാദം ലഭിക്കുക.
- വസ്തു വാങ്ങിയ ഉടമ മരണപ്പെടുന്ന സാഹചര്യത്തിൽ അവരുടെ അനന്തരാവകാശിക്ക് വസ്തു കൈമാറ്റം ചെയ്യാവുന്നതാണ്.
- ചുരുങ്ങിയത് നാല് നിലകളുള്ള കെട്ടിടങ്ങളിലാണ് ഈ നിയമപ്രകാരം പ്രവാസികൾക്ക് വസ്തു വാങ്ങാൻ സാധിക്കുക. ഇത്തരം ഓരോ യൂണിറ്റും ചുരുങ്ങിയത് രണ്ട് മുറികളും, അടുക്കള, ശുചിമുറി എന്നിവയോട് കൂടിയതും ആയിരിക്കണം.
- കെട്ടിടത്തിന് പരമാവധി നാല് വർഷം പഴക്കമേ പാടുള്ളൂ.
- നിലവിലെ പാർപ്പിട മേഖലകളിൽ നിന്ന് ദൂരെ മാറിയുള്ള കെട്ടിടങ്ങളായിരിക്കണം.
- വാങ്ങുന്നവരും, വിൽക്കുന്നവരും വസ്തുവിന്റെ വിലയുടെ 3 ശതമാനം രെജിസ്ട്രേഷൻ ഫീസ് ആയി അടക്കേണ്ടതാണ്.
- 50 വർഷത്തേക്കാണ് ഈ കരാർ കാലാവധി. ആവശ്യമെങ്കിൽ ഇത് പരമാവധി 99 വർഷം വരെ പുതുക്കാവുന്നതാണ്.