രാജ്യത്ത് ആർട്ടിക്കിൾ 18-ന് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളികളാകുന്നതിന് കുവൈറ്റ് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം വിസകളിലുള്ള പ്രവാസികൾക്ക് ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളികളാകുന്നതിന് വിലക്കേർപ്പെടുത്തിയതായി 2024 ഓഗസ്റ്റ് 5-ന് കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചിരുന്നു. മന്ത്രാലയത്തിന്റെ ഇതുമായി ബന്ധപ്പെട്ട സ്വയമേവ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഇപ്പോൾ കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി തീരുമാനിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ ഇത്തരം വിസകളിലുള്ള പ്രവാസികൾക്ക് കുവൈറ്റിലെ കമ്പനികളിലും, ബിസിനസ് സ്ഥാപനങ്ങളിലും പാർട്ണർ, മാനേജിങ് പാർട്ണർ എന്നീ പദവികളിലേർപ്പെടുന്നതിനും, കൊമേർഷ്യൽ റെജിസ്റ്ററിൽ ചേർക്കുന്നതിനും സാധിക്കുന്നതാണ്.