രാജ്യത്ത് ആർട്ടിക്കിൾ 18-ന് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളികളാകുന്നതിന് കുവൈറ്റ് വിലക്കേർപ്പെടുത്തുന്നു. 2024 ഓഗസ്റ്റ് 5-ന് കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയാണ് ഇക്കാര്യം അറിയിച്ചത്.
പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ചേർന്നാണ് മന്ത്രാലയം ഈ തീരുമാനം നടപടിലാക്കുന്നത്. ആർട്ടിക്കിൾ 17, 18, 19, 20, 22, 24 എന്നിവയ്ക്ക് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികളുടെ പ്രവർത്തനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ആർട്ടിക്കിൾ 19-ന് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് മാത്രമാണ് കുവൈറ്റിൽ സ്ഥാപനങ്ങളുടെ പാർട്ണർ, മാനേജിങ് പാർട്ണർ എന്നീ പദവികളിലേർപ്പെടുന്നതിനും, കൊമേർഷ്യൽ റെജിസ്റ്ററിൽ ചേർക്കുന്നതിനും അനുവാദമുണ്ടായിരിക്കുക എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ സ്ഥാപനങ്ങൾ രൂപീകരിക്കുന്നതും, പുതുക്കുന്നതും, മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.