രാജ്യത്ത് ആർട്ടിക്കിൾ 18-ന് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളികളാകുന്നതിന് കുവൈറ്റ് വീണ്ടും താത്‌കാലിക വിലക്കേർപ്പെടുത്തിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നിന്നുള്ള സ്രോതസ്സുകളെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തീരുമാന പ്രകാരം, ആർട്ടിക്കിൾ 18-ന് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് കുവൈറ്റിൽ സ്ഥാപനങ്ങളുടെ പാർട്ണർ, മാനേജിങ് പാർട്ണർ എന്നീ പദവികളിലേർപ്പെടുന്നതിനും, കൊമേർഷ്യൽ റെജിസ്റ്ററിൽ രജിസ്റ്റർ ചെയ്യുന്നതിനും താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ആർട്ടിക്കിൾ 19-ന് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് മാത്രമാണ് കുവൈറ്റിൽ സ്ഥാപനങ്ങളുടെ പാർട്ണർ, മാനേജിങ് പാർട്ണർ എന്നീ പദവികളിലേർപ്പെടുന്നതിനും, കൊമേർഷ്യൽ റെജിസ്റ്ററിൽ ചേർക്കുന്നതിനും അനുവാദമുണ്ടായിരിക്കുക എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലുടമ, ജീവനക്കാരൻ എന്നീ പദവികൾ കൂടിച്ചേർന്ന് വരുന്നത് ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന.
Cover Image: Kuwait News Agency.