പ്രവാസികൾക്ക് തങ്ങളുടെ നഷ്ടപ്പെട്ട റെസിഡൻസ് പെർമിറ്റ് വീണ്ടും ലഭിക്കുന്നതിന് 500 റിയാൽ ഫീസ് ഇനത്തിൽ നൽകേണ്ടതാണെന്ന് സൗദി അധികൃതർ അറിയിച്ചു. റെസിഡൻസി കാലാവധി ഒരു വർഷമോ, അതിൽ താഴെയോ ബാക്കിയുള്ള സാഹചര്യത്തിലാണ് ഇത്.
സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അധികൃതരെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒറിജിനൽ റെസിഡൻസ് പെർമിറ്റ് നഷ്ടപ്പെട്ട വ്യക്തി അക്കാര്യം അധികൃതരെ അറിയിക്കേണ്ടതാണ്.
ഇതോടൊപ്പം തൊഴിലുടമയിൽ നിന്ന് (ആശ്രിതവിസകളുടെ കാര്യത്തിൽ കുടുംബനാഥനിൽ നിന്നുള്ള) പെർമിറ്റ് നഷ്ടപ്പെട്ട ഇടം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു കത്തും അധികൃതർക്ക് നൽകേണ്ടതാണ്. ഇതോടൊപ്പം പ്രവാസിയുടെ പാസ്സ്പോർട്ട് (സാധുതയുള്ളതായിരിക്കണം), നഷ്ടപ്പെട്ട റെസിഡൻസി പെർമിറ്റിന്റെ കോപ്പി (ലഭ്യമാണെങ്കിൽ) എന്നിവ സഹിതം ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സിൽ ലോസ് ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്.
ഇതിനൊപ്പം റെസിഡൻസി പെർമിറ്റ് നഷ്ടപ്പെടുത്തിയ ഇനത്തിൽ 1000 റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.