യു എ ഇയുടെ അമ്പതാം ദേശീയ ദിനം: ഡിസംബർ 2-ന് എക്സ്പോ 2020 ദുബായ് വേദിയിലേക്ക് പ്രവേശനം സൗജന്യം

UAE

യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2021 ഡിസംബർ 2, വ്യാഴാഴ്ച്ച എക്സ്പോ 2020 ദുബായ് വേദിയിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 1-നാണ് എക്സ്പോ 2020 ദുബായ് സംഘാടകർ ഇക്കാര്യം അറിയിച്ചത്.

സന്ദർശകർക്ക് സൗജന്യ ടിക്കറ്റുകൾ എക്സ്പോ 2020 ദുബായ് വേദിയിലേക്കുള്ള ഗേറ്റുകളിൽ നിന്ന് ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എക്സ്പോ സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ കൈവശമുള്ളവർ ഡിസംബർ 2-ന് എക്സ്പോ വേദിയിലെത്തുന്നുണ്ടെങ്കിൽ, ഇത്തരം ടിക്കറ്റുകൾ സന്ദർശന വേളയിൽ കൈവശം കരുതുന്നത് വേദിയിലേക്ക് വേഗത്തിൽ പ്രവേശിക്കുന്നതിന് സഹായകമാകുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.

യു എ ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 1 മുതൽ 4 വരെയുള്ള തീയതികളിൽ എക്സ്പോ വേദിയിലുടനീളം എമിറാത്തി സംസ്കാരത്തെ അടുത്തറിയുന്നതിന് സഹായിക്കുന്ന കലാരൂപങ്ങൾ, പ്രദർശനങ്ങൾ, സംഗീതമേളകൾ എന്നിവ ഉൾപ്പടെ നിരവധി പ്രത്യേക പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്.

ഡിസംബർ 1-ന് വൈകീട്ട് യു എ ഇ സമയം 7:25-ന് അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എക്സ്പോ വേദിയിൽ പ്രത്യേക വെടിക്കെട്ട് പ്രദർശനം ഒരുക്കുന്നതാണ്. ഇതോടൊപ്പം ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെയുള്ള മാർച്ച്, കുട്ടികളുടെ പരേഡ് തുടങ്ങിയവയും പ്രത്യേകമായി അവതരിപ്പിക്കുന്നതാണ്. ഡിസംബർ 2-ന് രാത്രി 7.30-നും, 10.15-നും അൽ വാസൽ ഡോമിലെ വേദിയിൽ രണ്ട് പ്രത്യേക പ്രദർശനങ്ങൾ അരങ്ങേറുന്നതാണ്.

Cover Image: @DXBMediaOffice.