എക്സ്പോ 2020 ദുബായ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള സന്ദർശകർക്കായി പ്രത്യേക സേവനങ്ങൾ പ്രഖ്യാപിച്ചു

UAE

എക്സ്പോ 2020 ദുബായ് വേദിയിലെത്തുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള സന്ദർശകർക്കായി മികച്ച സേവനങ്ങൾ നൽകുന്ന ഒരു പ്രത്യേക പദ്ധതി ആരംഭിക്കുന്നതായി ലോക എക്സ്പോ അധികൃതർ അറിയിച്ചു. സീനിയർ ഗസ്റ്റ് പ്രോഗ്രാം എന്ന ഈ പദ്ധതിയിലൂടെ എക്സ്പോ വേദി സന്ദർശിക്കുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മെച്ചപ്പെടുത്തിയ നിരവധി സേവനങ്ങൾ സൗജന്യമായി ആസ്വദിക്കാനാകുന്നതാണ്.

സൗജന്യ എക്‌സ്‌പോ സീനിയർ സിറ്റിസൺ പാസിന് അർഹതയുള്ള ഏതൊരു അതിഥിക്കും പ്രത്യേക മുൻഗണനാ പാർക്കിംഗ് സ്ഥലങ്ങൾ ആക്‌സസ് ചെയ്യാനും, 90 മിനിറ്റ് വരെ അഞ്ച് പേർക്ക് സ്വകാര്യ ബഗ്ഗികൾ ഉപയോഗിക്കാനും, തിരഞ്ഞെടുത്ത പവലിയനുകളിലേക്ക് അതിവേഗ പ്രവേശനം നേടാനും, ഉച്ചഭക്ഷണത്തിന് സൈറ്റിലുടനീളം തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിൽ 30 ശതമാനം കിഴിവ് നേടാനും ഈ പദ്ധതി അവസരം നൽകുന്നു. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിനങ്ങളിൽ രാവിലെ ഒമ്പത് മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഈ പദ്ധതിയുടെ പ്രയോജനം നേടുന്നതിന് അവസരമുള്ളത്.

ഈ പദ്ധതി പ്രകാരം അറുപത് വയസിന് മുകളിൽ പ്രായമുള്ള സന്ദർശകർക്ക് എക്സ്പോ വേദിയിൽ താഴെ പറയുന്ന അധിക സേവനങ്ങൾ സൗജന്യമായി നേടാവുന്നതാണ്:

  • മുൻഗണനാ പാർക്കിംഗ് .
  • അറൈവൽ പ്ലാസയിലേക്ക് സ്വകാര്യ ബഗ്ഗികൾ ഉപയോഗിച്ചുള്ള യാത്ര.
  • എക്സ്പോ 2020 ദുബായ് വേദിയിലേക്ക് ഫാസ്റ്റ് ട്രാക്ക് പ്രവേശനം.
  • തിരഞ്ഞെടുത്ത പവലിയനുകളിലേക്ക് ഫാസ്റ്റ് ട്രാക്ക് പ്രവേശനം.
  • 90 മിനിറ്റ് വരെ അഞ്ച് പേർക്ക് സ്വകാര്യ ബഗ്ഗികൾ ഉപയോഗിക്കാൻ അനുമതി.
  • ഭക്ഷണ പാനീയങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക ഓഫറുകൾ.
  • പ്രത്യേക സഹായിയുടെ സേവനം.

സീനിയർ ഗസ്റ്റ് പ്രോഗ്രാം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി 24 മണിക്കൂർ മുൻപ് നേടിയിട്ടുള്ള മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്. +971 50 141 3453 എന്ന വാട്സ്ആപ് നമ്പറിലൂടെയും, emailseniorbookings@expo2020.ae എന്ന ഇമെയിൽ വിലാസത്തിലൂടെയും ഈ ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.