182 ദിവസം ലോകത്തിന്റെ കേന്ദ്രമായി വർത്തിച്ച, ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തിയ, എക്സ്പോ 2020 ദുബായ് അതിഗംഭീരമായ ഒരു സമാപന ചടങ്ങോടെ 2022 മാർച്ച് 31-ന് അവസാനിച്ചു. യു എ ഇയ്ക്കും, ലോകത്തിനും ഒരു പുതിയ തുടക്കത്തിനുള്ള അവസരമാണ് എക്സ്പോ 2020 ദുബായ് നൽകിയിരിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.
2022 മാർച്ച് 31-ന് വൈകീട്ട് അൽ വാസൽ പ്ലാസയിൽ വെച്ചാണ് അതിഗംഭീരമായ എക്സ്പോ സമാപന ചടങ്ങുകൾ നടന്നത്. ആഗോള തലത്തിൽ COVID-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന മേഖലയിലെ ആദ്യത്തെ വേൾഡ് എക്സ്പോ മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി.
“എക്സ്പോ 2020 ദുബായ് മേളയിലൂടെ ഞങ്ങൾ ലോകത്തിന് മുൻപിൽ പുതിയതും, വ്യത്യസ്ഥമായതുമായ ഒരു ചാതുര്യം പ്രകടമാക്കി. സമൂഹത്തിലെ മുഴുവൻ അംഗങ്ങളുടെയും മനസും, ഹൃദയവും കീഴടക്കുന്നതിന് ഇതിലൂടെ സാധിച്ചു. മുന്നെങ്ങുമില്ലാത്ത പ്രതിസന്ധികളെ മറികടക്കുന്നതിലുള്ള നൈപുണ്യം ഞങ്ങൾ പ്രകടമാക്കി. യു എ ഇ ഉയർത്തിക്കാട്ടുന്ന സ്നേഹം, ആതിഥ്യമര്യാദ എന്നീ മൂല്യങ്ങളിലൂന്നിയാണ് എക്സ്പോ 2020-യുടെ ഓരോ നിമിഷങ്ങളും കടന്ന് പോയത്. ഇന്ന് എക്സ്പോ 2020 അവസാനിക്കുകയല്ല; മറിച്ച് ഒരു പുതിയ തുടക്കമാണിത്. “, സമാപന ചടങ്ങിന്റെ ഭാഗമായി നൽകിയ ഒരു ശബ്ദസന്ദേശത്തിലൂടെ ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് വ്യക്തമാക്കി.
“മികച്ച സർക്കാർ, മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വം എന്നിവയുടെ പിന്തുണയോടെ യു എ ഇയും, ദുബായിയും മുന്നോട്ടുള്ള പ്രയാണം തുടരുന്നതാണ്; മനസുകളെ ഒരുമിപ്പിക്കുന്നതും, ഭാവി സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടുളള യാത്ര.”, അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എക്സ്പോ 2020 ദുബായ് ഹയർ കമ്മിറ്റി ചെയർമാൻ H.H. ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം തുടങ്ങിയവർ അൽ വാസൽ സ്ക്വയറിൽ നടന്ന സമാപന ചടങ്ങിൽ പങ്കെടുത്തു.
സമാപന ചടങ്ങിൽ വെച്ച് ലോക എക്സ്പോ പതാക അടുത്ത എക്സ്പോ നടക്കുന്ന (2025) ജപ്പാനിലെ ഒസാക്ക പ്രതിനിധികൾക്ക് കൈമാറി.
യു എ ഇ ദേശീയ ഗാനത്തിന്റെ ആലാപനത്തോടെയാണ് സമാപന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വകാര്യ മന്ത്രിയും എക്സ്പോ 2020 ദുബായ് കമ്മീഷണർ ജനറലുമായ H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എക്സ്പോ വിജയകരമായി അവതരിപ്പിച്ചതിന് യു എ ഇ നേതൃത്വത്തെ പ്രശംസിച്ചു. എക്സ്പോ 2025 ഒസാക്ക കൻസായിൽ പങ്കെടുക്കുന്നതിനായി യു എ ഇ കാത്തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
തുടർന്ന് ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷൻസ് (BIE) ജനറൽ അസംബ്ലി പ്രസിഡന്റ് അംബാസഡർ ജായ് ചുൽ ചോയി എക്സ്പോ 2020 വിജയകരമാക്കുന്നതിന് യു എ ഇ നേതൃത്വം നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ചു. 190-ൽ പരം രാജ്യങ്ങൾ തങ്ങളുടെ പവലിയനുകൾ ഒരുക്കിയ ആദ്യ ലോക എക്സ്പോയാണ് എക്സ്പോ 2020 ദുബായ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം മുഴുവൻ ഒത്തൊരുമിച്ച് ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും എന്ന് എക്സ്പോ തെളിയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള തലത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞർ പങ്കെടുക്കുന്ന പരിപാടികൾ, കലാപ്രദർശനങ്ങൾ, അതിഗംഭീരമായ കരിമരുന്ന് പ്രയോഗങ്ങൾ മുതലായവ സ്പോയ് സമാപനത്തിന്റെ ഭാഗമായി അരങ്ങേറി.
ഗ്രാമി ജേതാവായ സെലിസ്റ്റ് യോ-യോ മാ ദുബായ് മില്ലേനിയം ആംഫി തിയേറ്ററിൽ നടത്തിയ കൺസേർട്ട് ഏറെ ശ്രദ്ധ നേടി.
ആഗോള തലത്തിൽ COVID-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന മേഖലയിലെ ആദ്യത്തെ വേൾഡ് എക്സ്പോ 22.9 ദശലക്ഷത്തിനും 25.4 ദശലക്ഷത്തിനും ഇടയിൽ സന്ദർശനങ്ങൾ ആകർഷിക്കാനുള്ള അതിന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റി എന്നത് ശ്രദ്ധേയമായ നേട്ടമാണ്.
Prepared with inputs from WAM.