എക്സ്പോ 2020 ദുബായ് അവസാനിക്കാൻ ഇനി അഞ്ച് ദിനങ്ങൾ മാത്രം അവശേഷിക്കുന്നതായി എക്സ്പോ അധികൃതർ 2022 മാർച്ച് 26-ന് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. ലോക ഗവൺമെന്റ് ഉച്ചകോടി, സ്പ്രിംഗ് ബ്രേക്ക് ഹോളിഡേ എന്നിവയാൽ എക്സ്പോ 2020 ദുബായ് അതിന്റെ അവസാന ആഴ്ച്ചയിലും സന്ദർശകരെ ആകർഷിക്കുന്നതായും, റെക്കോർഡ് സന്ദർശനമാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
“ലോക എക്സ്പോ അവസാനിക്കാൻ ഒരാഴ്ച്ചയിൽ താഴെ സമയം മാത്രമാണ് അവശേഷിക്കുന്നത്. എക്സ്പോ അനുഭവങ്ങൾ അടുത്തറിയാൻ ഇനി 5 ദിനങ്ങൾ മാത്രം. ഇപ്പോൾ മാത്രമാണ് ഇത് അനുഭവിക്കാൻ അവസരം, ഇല്ലെങ്കിൽ എന്നേയ്ക്കുമായി ഈ അവസരം നഷ്ടമാകുന്നതാണ്.”, എക്സ്പോ 2020 ദുബായ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ പോസ്റ്റ് സന്ദർശകരെ ഓർമ്മപ്പെടുത്തി.
ജനസംഖ്യാ വളർച്ചയ്ക്ക് അനുസൃതമായി ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിലും അവയുടെ സുസ്ഥിരത സംരക്ഷിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉപയോഗപ്രദമായ ചർച്ചകൾക്കും ക്രിയാത്മകമായ സംരംഭങ്ങൾക്കും കഴിഞ്ഞ വാരം എക്സ്പോ 2020 ദുബായ് സാക്ഷ്യം വഹിച്ചു.
വാട്ടർ വീക്ക് എക്‌സ്‌പോ 2020 ദുബായ് ജല വാരത്തിന് ആതിഥേയത്വം വഹിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഭൂമിയിൽ അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനായി പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ളവർ ഇതിൽ പങ്കെടുത്തു.
ജലവാരത്തോടനുബന്ധിച്ച് “ഡിജിറ്റൽ സിസ്റ്റം ഫോർ വാട്ടർ മാനേജ്‌മന്റ് ഇൻ ഇൻഫ്രാസ്ട്രക്ചർ അസറ്റ്സ്”, “ഇന്റഗ്രേറ്റഡ് മാനേജ്‌മന്റ് ഓഫ് ഡാംസ് ആൻഡ് വാട്ടർ ഫെസിലിറ്റീസ്”, “ഹൈഡ്രോജിയോളജിക്കൽ മാപ്പ് പ്രോജക്റ്റ്”, “വാട്ടർ ഫ്യൂച്ചർ ഹാക്കത്തോൺ” എന്നിങ്ങനെ നാല് സംരംഭങ്ങൾക്ക് യു എ ഇ ഊർജ, അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രിസുഹൈൽ ബിൻ മൊഹമ്മദ് അൽ മസ്‌റൂഇ എക്സ്പോ വേദിയിൽ വെച്ച് തുടക്കമിട്ടു.
രാജ്യത്തുടനീളം 15 ജല ഉൽപാദന യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാം ആരംഭിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി മരിയം ബിൻത് മുഹമ്മദ് അൽമിഹെയ്‌രി പ്രഖ്യാപിച്ചു. തുടർന്ന് ഏകദേശം 700-ഓളം ഇത്തരം മെഷീനുകൾ സ്ഥാപിക്കുമെന്നും അവർ സൂചിപ്പിച്ചു.
2021 ഒക്ടോബർ 1-ന് എക്സ്പോ ആരംഭിച്ചത് മുതൽ 2022 മാർച്ച് 21 വരെ 172 ദിവസങ്ങളിലായി 20,819,155 സന്ദർശനങ്ങളാണ് എക്സ്പോ വേദി രേഖപ്പെടുത്തിയത്. വിർച്യുവൽ സംവിധാനങ്ങളിലൂടെ എക്സ്പോ സന്ദർശിച്ചവരുടെ എണ്ണം 197 ദശലക്ഷം കവിഞ്ഞിട്ടുണ്ട്.
With inputs from WAM.