എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 15 ദശലക്ഷം കടന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2022 ഫെബ്രുവരി 28 വരെ 15995423 പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചിട്ടുണ്ട്.
ദുബായ് എക്സ്പോ 2020 അതിന്റെ അവസാന മാസത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ, സന്ദർശകർക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി പവലിയനുകളുടെ സന്ദർശന സമയം ദിനം തോറും രാത്രി 11 മണിവരെ നീട്ടാൻ തീരുമാനിച്ചതായി എക്സ്പോ 2020 ദുബായ് അധികൃതർ അറിയിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി മാസത്തിൽ മാത്രം ഏതാണ്ട് 4.4 ദശലക്ഷം സന്ദർശകരാണ് എക്സ്പോ വേദിയിലെത്തിയത്.
എക്സ്പോ 2020 ദുബായ് പാസ്പോർട്ടുകളിൽ ഇതുവരെ 100-ൽ കൂടുതൽ പവലിയൻ സ്റ്റാമ്പുകൾ നേടിയിട്ടുള്ളവർക്കായി ഒരു പ്രത്യേക, പരിമിതമായ എണ്ണം മാത്രമുള്ള, വൈറ്റ് പാസ്സ്പോർട്ട് പുറത്തിറക്കിയതായും എക്സ്പോ അധികൃതർ അറിയിച്ചിട്ടുണ്ട്.
എക്സ്പോ 2020 വേദിയിലെ എക്സ്പോ സ്പോർട്സ് അരീന എന്ന പുതിയ ആകർഷണം ഇതിനകം സന്ദർശകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. എക്സ്പോ സ്പോർട്സ് അരീനയിൽ സംഘടിപ്പിക്കപ്പെട്ട എട്ട് മണിക്കൂർ മൗയ്തായ് മാരത്തോൺ, ടെന്നീസ് ഇതിഹാസങ്ങളായ ജോൺ മക്കൻറോ, കരോളിൻ വോസ്നിയാക്കി തുടങ്ങിയവർ പങ്കെടുത്ത പ്രത്യേക പ്രദർശന മത്സരങ്ങൾ എന്നിവ ഏറെ ശ്രദ്ധേയമായി.
വെർച്വൽ സംവിധാനങ്ങളിലൂടെ എക്സ്പോ 2020 ദുബായ് സന്ദർശിച്ചവരുടെ എണ്ണം 150 ദശലക്ഷം കടന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.