എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങളുമായി ദുബായ് മീഡിയ ഓഫീസ്

UAE

എക്സ്പോ 2020 ദുബായ് ടിക്കറ്റുകൾ എങ്ങിനെ ബുക്ക് ചെയ്യാം, എക്സ്പോ സന്ദർശിക്കാനുള്ള നടപടിക്രമങ്ങൾ, എക്സ്പോ വേദിയുടെ പ്രവർത്തനസമയം തുടങ്ങി സന്ദർശകരുടെ ഭാഗത്തു നിന്നുള്ള സംശയങ്ങൾക്ക് ദുബായ് മീഡിയ ഓഫീസ് തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ ഉത്തരം നൽകി. ഒക്ടോബർ 8-നാണ് ഇതുമായി ബന്ധപ്പെട്ട് ദുബായ് മീഡിയ ഓഫീസ് അറിയിപ്പ് നൽകിയത്.

സന്ദർശകർക്ക് ഏറ്റവും മികച്ച എക്സ്പോ 2020 അനുഭവം ഉറപ്പ് വരുത്തുന്നതിനായാണ് ദുബായ് മീഡിയ ഓഫീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

എക്സ്പോ 2020 ദുബായ് വേദി സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ എങ്ങിനെ ബുക്ക് ചെയ്യാം?

എക്സ്പോ 2020 ദുബായ് ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://www.expo2020dubai.com/) നിന്ന് ഓൺലൈനിലൂടെ ലഭ്യമാണ്. https://www.expo2020dubai.com/en/tickets-and-merchandise/tickets എന്ന വിലാസത്തിൽ നിന്ന് സന്ദർശകർക്ക് തങ്ങൾക്കിണങ്ങിയ ടിക്കറ്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

എക്സ്പോ നടക്കുന്ന ആറ് മാസത്തെ കാലയളവിൽ പരിധികളില്ലാതെ വേദിയിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി എക്സ്പോ സീസൺ പാസ് ടിക്കറ്റുകൾ സഹായകമാണ്.

എക്സ്പോ 2020 ദുബായ് വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്ന സമയക്രമം എന്താണ്?

എക്സ്പോ 2020 ദുബായ് വേദി 2021 ഒക്ടോബർ 1 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുത്തിട്ടുണ്ട്. 2022 മാർച്ച് 31 വരെ ഈ വേദിയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

താഴെ പറയുന്ന സമയക്രമം അനുസരിച്ചാണ് ദിനവും എക്സ്പോ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്:

  • ശനിയാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെയുള്ള ദിവസങ്ങളിൽ – രാവിലെ 10:00 മണി മുതൽ രാത്രി 12:00 വരെ.
  • വെള്ളി, ശനി ദിവസങ്ങളിൽ – രാവിലെ 10:00 മണി മുതൽ പുലർച്ചെ 2:00 വരെ.

എക്സ്പോ 2020 സന്ദർശിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാണോ?

എക്സ്പോ വേദിയിലെത്തുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ രേഖകൾ, അല്ലെങ്കിൽ PCR നെഗറ്റീവ് റിസൾട്ട് എന്നിവയിലേതെങ്കിലുമൊന്ന് നിർബന്ധമാണ്. താഴെ പറയുന്ന രീതിയിലാണ് ഈ നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നത്:

  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക് ഇതു തെളിയിക്കുന്നതിനായി തങ്ങളുടെ രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ചിട്ടുള്ള ഔദ്യോഗിക വാക്സിനേഷൻ സർട്ടിഫിക്കറ്റ് പ്രവേശനത്തിനായി ഹാജരാക്കാവുന്നതാണ്. എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ, WHO അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ എന്നിവ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വ്യക്തികൾക്ക് എക്സ്പോ വേദിയിലേക്ക് പ്രവേശിക്കുന്നതിന് ഈ രീതി ഉപയോഗിക്കാവുന്നതാണ്.

ഇത്തരം രേഖകൾ മൊബൈൽ ആപ്പിലൂടെയോ, പ്രിന്റ് ചെയ്ത രൂപത്തിലോ ഹാജരാക്കാവുന്നതാണ്.

എക്സ്പോ 2020 വേദിയിലേക്ക് എളുപ്പത്തിൽ എത്തുന്നതിനുള്ള മാർഗ്ഗങ്ങളെന്തൊക്കെയാണ്?

എക്സ്പോ 2020 വേദിയിലേക്ക് ഏറ്റവും വേഗത്തിൽ എത്തുന്നതിനായി ദുബായ് മെട്രോയുടെ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇതിന് പുറമെ, എക്സ്പോ വേദിയിലേക്ക് സന്ദർശകരെ സൗജന്യമായി എത്തിക്കുന്നതിനായി നടത്തുന്ന പൊതുഗതാഗത സംവിധാനമായ എക്സ്പോ റൈഡർ ബസുകളുടെ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്.

സ്വന്തം വാഹനങ്ങളിലെത്തുന്നവർക്ക് മൊബിലിറ്റി, സസ്‌റ്റൈനബിലിറ്റി, ഓപ്പർച്യുണിറ്റി എന്നീ എക്സ്പോ കവാടങ്ങളിലേതിലെങ്കിലുമുള്ള പാർക്കിംഗ് സേവനങ്ങൾ ഉപയോഗിക്കാവുന്നതും, പാർക്കിംഗിൽ നിന്ന് എക്സ്പോ ഗേറ്റുകളിലെത്താൻ ഷട്ടിൽ ബസ് സേവനങ്ങൾ ഉപയോഗിക്കാവുന്നതുമാണ്.

നിശ്ചയദാർഢ്യക്കാരായവർക്ക് എക്സ്പോ 2020 വേദിയിൽ സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുമോ?

എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ സുഗമമായി ഉപയോഗിക്കാനാകുന്ന രീതിയിലുള്ള സന്ദർശനാനുഭവമാണ് എക്സ്പോ 2020 വേദിയിലൊരുക്കിയിരിക്കുന്നത്. നിശ്ചയദാർഢ്യക്കാരായവർക്ക് (പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ – ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകളുള്ളവർ) ആവശ്യമാകുന്ന എല്ലാ സേവനങ്ങളും എക്സ്പോ 2020 വേദിയിലൊരുക്കിയിട്ടുണ്ട്.

വീൽചെയറുകൾ, പ്രത്യേക ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവ എക്സ്പോ വേദിയിൽ ലഭ്യമാണ്. നിശ്ചയദാർഢ്യക്കാരായ വിഭാഗങ്ങളിലുള്ളവർക്ക് എക്സ്പോ വേദിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഇവരോടൊപ്പം സഹചാരിയായെത്തുന്ന ഒരാൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം കിഴിവ് ലഭിക്കുന്നതാണ്. എക്സ്പോ വേദിയിൽ നിശ്ചയദാർഢ്യക്കാരായവർക്കേർപ്പെടുത്തിയിട്ടുള്ള പ്രത്യേക സേവനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.expo2020dubai.com/plan-your-visit/accessibility എന്ന വിലാസത്തിൽ ലഭ്യമാണ്.

Cover Photo: @expo2020dubai