എക്സ്പോ 2020 ദുബായ്: സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തോട് അടുക്കുന്നു; ജനുവരി 16-ന് 10 ദിർഹത്തിന് എക്സ്പോ ടിക്കറ്റ് നേടാം

UAE

എക്സ്പോ 2020 ദുബായ് സന്ദർശകരുടെ എണ്ണം 10 ദശലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിൽ, ഇത് ആഘോഷിക്കുന്നതിനായി ജനുവരി 16, ഞായറാഴ്ച്ച 10 ദിർഹത്തിന് എക്സ്പോ വൺ-ഡേ ടിക്കറ്റുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി 14-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതുവരെ എക്സ്പോ വേദി സന്ദർശിക്കാത്തവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്നും എക്സ്പോ 2020 ദുബായ് അധികൃതർ അറിയിച്ചു. കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് എക്സ്പോ വേദിയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

പത്ത് ദശലക്ഷം സന്ദർശകർ എന്ന നേട്ടം കൈവരിക്കാനിരിക്കുന്ന സാഹചര്യത്തിൽ, 2022 ജനുവരി 16-ന് എക്സ്പോ വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും, ഈ ദിവസം 10 ദിർഹത്തിന് വേദിയിലേക്കുള്ള ടിക്കറ്റ് ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. http://www.expo2020dubai.com/en/tickets-and-merchandise/tickets എന്ന വിലാസത്തിൽ നിന്നും, എക്സ്പോ 2020 ദുബായ് വേദിയുടെ ഗേറ്റിൽ നിന്നും ടിക്കറ്റുകൾ ലഭ്യമാണ്. എക്സ്പോ 2020 സീസൺ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് സാധാരണ രീതിയിൽ എക്സ്പോ വേദിയിലേക്ക് പ്രവേശിക്കാവുന്നതാണ്.

വേദിയിലേക്ക് പ്രവേശിക്കുന്നവർ COVID-19 വാക്സിനെടുത്തതിന്റെ രേഖകൾ, അല്ലെങ്കിൽ 72 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള PCR നെഗറ്റീവ് ഫലം എന്നിവയിലൊന്ന് ഹാജരാക്കേണ്ടതാണ്. വാക്സിനെടുക്കാത്തവർക്ക്, എക്സ്പോ ടിക്കറ്റ് കൈവശമുണ്ടെങ്കിൽ, പ്രത്യേക പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി PCR ടെസ്റ്റ് നടത്താവുന്നതാണ്.