എക്സ്പോ 2020: ഉദ്‌ഘാടന ചടങ്ങ് യു എ ഇയിലുടനീളം തത്സമയം ലഭ്യമാക്കും; കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം ഉൾപ്പടെയുള്ള കാഴ്ചകൾ

GCC News

എക്സ്പോ 2020 ദുബായിയുടെ ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങ് ലൈവ് സ്ട്രീമിങ്ങ് സാങ്കേതിക വിദ്യയിലൂടെ യു എ ഇയിലെ 430-ൽ പരം ഇടങ്ങളിൽ തത്സമയം ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യു എ ഇയിലുടനീളമുള്ള ജനങ്ങൾക്ക് എക്സ്പോ ഉദ്‌ഘാടനാനുഭവം തത്സമയം നൽകുന്നതിനായാണ് ഈ നടപടി.

സെപ്റ്റംബർ 30-ന് വൈകീട്ട് യു എ ഇ സമയം 7.30 മുതൽ എക്സ്പോ 2020 ദുബായിയുടെ ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. ഇതോടനുബന്ധിച്ച് കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നുപ്രയോഗം ഉൾപ്പടെയുള്ള കാഴ്ചകളും എക്സ്പോ അധികൃതർ ഒരുക്കിയിട്ടുണ്ട്.

ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങ് നേരിട്ട് കാണുന്നതിനായി സെപ്റ്റംബർ 30-ന് വൈകീട്ട് രാജ്യത്തുടനീളം പ്രത്യേക വ്യൂയിങ്ങ് പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി രാജ്യത്തുടനീളമുള്ള എയർപോർട്ട്, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, പ്രധാന കെട്ടിടങ്ങൾ മുതലായ ഇടങ്ങളിൽ പ്രത്യേക സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്.

ആഗോളതലത്തിലെ പ്രേക്ഷകർക്കായി https://virtualexpo.world/ അല്ലെങ്കിൽ http://www.expo2020.com/tv എന്നീ ലൈവ് സ്ട്രീമിംഗ് ചാനലുകളിലൂടെ ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങിന്റെ സംപ്രേക്ഷണം സെപ്റ്റംബർ 30-ന് വൈകീട്ട് 7.30 മുതൽ ലഭ്യമാണ്.

ഒക്ടോബർ 1-ന് വൈകീട്ട് ദുബായ് ഫെസ്റ്റിവൽ സിറ്റി, പാം ജുമൈറ, ദി പോയിന്റ്, ദി ഫ്രെയിം എന്നിവിടങ്ങളിലാണ് അതിഗംഭീരമായ കരിമരുന്ന് പ്രയോഗം ഒരുക്കിയിരിക്കുന്നത്. ദുബായ് ഫെസ്റ്റിവൽ സിറ്റി, ദി പോയിന്റ്, ദി ഫ്രെയിം എന്നിവിടങ്ങളിൽ പ്രത്യേക വർണ്ണകാഴ്ച്ചകളും ഒരുക്കുന്നതാണ്.

WAM