എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം നാല് ദശലക്ഷം കടന്നതായി ലോക എക്സ്പോ സംഘാടകർ വ്യക്തമാക്കി. 2021 നവംബർ 22-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
എക്സ്പോ 2020 ദുബായ് ആരംഭിച്ച ഒക്ടോബർ 1 മുതൽ നവംബർ 21 വരെയുള്ള കാലയളവിലെ കണക്കുകൾ അനുസരിച്ചാണിത്. ആറ് മാസം നീണ്ട് നിൽക്കുന്ന എക്സ്പോ 2020 ദുബായ് ആരംഭിച്ച ശേഷമുള്ള ആദ്യ ഏഴ് ആഴ്ച്ചത്തെ കണക്കുകൾ പ്രകാരമാണ് 4 ദശലക്ഷത്തിലധികം സന്ദർശകർ ലോക എക്സ്പോ വേദിയിലെത്തിയിരിക്കുന്നത്.
നവംബർ 21 വരെ 4156985 പേരാണ് എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചത്. എക്സ്പോ 2020 ദുബായ് വേദിയിൽ കഴിഞ്ഞ ആഴ്ച്ച അരങ്ങേറിയ ശ്രദ്ധേയമായ സംഗീത, കായിക, സാംസ്‌കാരിക പ്രകടനങ്ങളാണ് സന്ദർശകരുടെ എണ്ണം കൂടുന്നതിന് ഇടയാക്കിയതെന്ന് സംഘാടകർ വ്യക്തമാക്കി.
എക്സ്പോ വേദി സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരുക്കിയ ‘നവംബർ വീക്ക് ഡേ പാസ്’ എന്ന പ്രത്യേക പദ്ധതിയും സന്ദർശകരുടെ എണ്ണം കൂട്ടുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം സന്ദർശകരാണ് 45 ദിർഹത്തിന് ലഭിക്കുന്ന ‘നവംബർ വീക്ക് ഡേ പാസ്’ പദ്ധതിയുടെ ആനുകൂല്യം ഇതുവരെ ഉപയോഗിച്ചിരിക്കുന്നത്. എക്‌സ്‌പോ 2020 ദുബായ് 2022 മാർച്ച് 31 വരെ നീണ്ടുനിൽക്കുന്നതാണ്.