എക്സ്പോ സിറ്റി ദുബായ് 2022 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യും

UAE

എക്‌സ്‌പോ 2020 ദുബായ് പ്രദർശനം നടന്ന വേദിയെ എക്‌സ്‌പോ സിറ്റി ദുബായ് ആക്കി മാറ്റുന്നതായും, 2022 ഒക്ടോബറിൽ എക്‌സ്‌പോ സിറ്റി ദുബായ് തുറന്ന് കൊടുക്കുമെന്നും ദുബായ് ഭരണാധികാരിയായ H.H.ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. സുസ്ഥിരത, നവീകരണം, വിദ്യാഭ്യാസം, വിനോദം എന്നിവയാൽ നയിക്കപ്പെടുന്ന ഭാവിയിലെ വാണിജ്യപ്രവർത്തനങ്ങൾക്കും, നവീന ആശയങ്ങൾക്കും അനുയോജ്യമായ മികച്ച ഒരു ലക്ഷ്യസ്ഥാനമായിരിക്കും എക്‌സ്‌പോ സിറ്റി ദുബായ് എന്ന ഈ നഗരം.

“24 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കുകയും, ലോക എക്സ്പോയുടെ 170 വർഷത്തെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്ത എക്‌സ്‌പോ 2020 ദുബായുടെ ചരിത്ര വിജയത്തിന് ശേഷം ഇന്ന് ഞങ്ങൾ എക്‌സിബിഷൻ സൈറ്റിനെ എക്‌സ്‌പോ സിറ്റി ദുബായ് ആക്കി മാറ്റുന്നതായി പ്രഖ്യാപിക്കുന്നു. ദുബായുടെ ഏറ്റവും മനോഹരമായ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു നഗരമായിരിക്കുമിത്.”, ഇക്കാര്യം അറിയിച്ച് കൊണ്ട് H.H.ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

എക്‌സ്‌പോ സിറ്റി ദുബായ് ഒരു പരിസ്ഥിതി സൗഹൃദ നഗരമായിരിക്കുമെന്നും, കുടുംബങ്ങൾക്കും, സമ്പദ്‌വ്യവസ്ഥയ്ക്കും, ഭാവി തലമുറയ്ക്കുമായുള്ള ഒരു സൗഹൃദ നഗരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തുറമുഖം, രണ്ട് വിമാനത്താവളങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ നഗരത്തിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലും മനസ്സിലും ഉളവായ മനോഹരമായ ഓർമ്മകൾ എക്കാലവും കുടികൊള്ളുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“അൽ വാസൽ താഴികക്കുടം തിളങ്ങുന്നത് തുടരും; വെള്ളച്ചാട്ടം ആനന്ദം പകരും; യു എ ഇ, അലിഫ്, ടെറ പവലിയനുകൾ എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിച്ച് കൊണ്ട് നിലനിൽക്കും; ഈ നഗരത്തിലൂടെ എക്സ്പോയുടെ മാന്ത്രികത എക്കാലവും നിലനിൽക്കും”, അദ്ദേഹം വ്യക്തമാക്കി.

“അസാധാരണമായ ഒരു പുതിയ മ്യൂസിയം, ഒരു ലോകോത്തര എക്സിബിഷൻ സെന്റർ, അത്യാധുനികവും അതിവേഗം വളരുന്നതുമായ കമ്പനികൾ തുടങ്ങിയവയുടെ ആസ്ഥാനമായിരിക്കും ഈ നഗരം. സൗദി അറേബ്യ, മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ പവലിയനുകൾക്ക് ഇത് ആതിഥേയത്വം വഹിക്കുന്നത് തുടരും. എല്ലാ നഗരങ്ങളുടെയും സ്വപ്‌നങ്ങൾ ഉൾക്കൊള്ളുന്ന ഒരു നഗരമായിരിക്കുമിത്; നമ്മുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും നമ്മൾ സ്നേഹിക്കുന്ന എല്ലാവർക്കും സന്തോഷം നൽകുന്നത് തുടരുന്ന ഒരു നഗരം.”, അദ്ദേഹം കൂട്ടിച്ചേർത്തു.

എക്‌സ്‌പോ 2020 ദുബായിയുടെ പൈതൃകം നിലനിർത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് എക്സ്പോ സിറ്റി ദുബായ് ഒരുക്കുന്നത്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണിത്. 2022 ഒക്‌ടോബർ 1-ന് തുറന്ന് കൊടുക്കുന്ന എക്സ്പോ സിറ്റി ദുബായ്, എക്‌സ്‌പോ 2020 ദുബായ് പ്രദർശനത്തിന്റെ ഭാഗമായിരുന്ന മുൻനിര പവലിയനുകൾ, വിനോദ, സാങ്കേതിക പ്രദർശനങ്ങൾ എന്നിവ നിലനിർത്തുന്ന രീതിയിലാണ് ഒരുക്കുന്നത്.

ദുബായ് മെട്രോയിലൂടെ എത്തിച്ചേരാനാകുന്ന എക്സ്പോ സിറ്റി ദുബായ് നഗരത്തിൽ ഓഫീസുകൾ, വിശ്രമവേളകൾക്കുള്ള സൗകര്യങ്ങൾ, ഭക്ഷണ, വിനോദ വേദികൾ, കായിക സൗകര്യങ്ങൾ, ഒരു മാൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബായ് ലോക എക്സ്പോയുടെ ഭാഗമായി നിരവധി ആഗോള ഉച്ചകോടികൾ, കോൺഫറൻസുകൾ, കൺസേർട്ടുകൾ എന്നിവയ്ക്ക് ആതിഥേയത്വം വഹിച്ച ലോകോത്തര ദുബായ് എക്‌സിബിഷൻ സെന്റർ എന്ന പ്രദർശനകേന്ദ്രം ഈ നഗരത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ചടങ്ങുകളും, സമ്മേളനങ്ങൾക്കും വേദിയാകുന്നതാണ്.

എക്‌സ്‌പോ 2020-ൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച അൽ വാസൽ പ്ലാസ, ഗാർഡൻ ഇൻ ദി സ്കൈ നിരീക്ഷണ ടവർ, സർറിയൽ വാട്ടർ ഫീച്ചർ എന്നിവ നിലനിർത്തുന്നതാണ്. മൊബിലിറ്റി പവലിയനായ അലിഫ്, സസ്റ്റൈനബിലിറ്റി പവലിയനായ ടെറ എന്നിവയും സംവേദനാത്മക, വിദ്യാഭ്യാസ അനുഭവങ്ങൾക്കുള്ള വേദികളായി നിലനിർത്തുന്നതാണ്. ഈ വർഷാവസാനത്തോടെ ഓപ്പർച്യുണിറ്റി പവലിയൻ, ലോക എക്സ്പോയുടെ ചരിത്രം, ദുബായ് എക്സ്പോയുടെ വിജയം എന്നിവ എടുത്ത് കാട്ടുന്ന എക്‌സ്‌പോ 2020 ദുബായ് മ്യൂസിയമാക്കി മാറ്റുന്നതാണ്.

വുമൺസ് പവലിയൻ, വിഷൻ പവലിയൻ എന്നിവയും നിലനിർത്തുന്നതാണ്. യു എ ഇ പവലിയൻ, സൗദി അറേബ്യയുടെ കിംഗ്ഡം പവലിയൻ എന്നിവയും സന്ദർശകർക്ക് കാണാനാകും. ഇന്ത്യ, ലക്സംബർഗ്, ഓസ്‌ട്രേലിയ, പാകിസ്ഥാൻ, മൊറോക്കോ, ഈജിപ്ത് എന്നിവയുടെ പുനർനിർമ്മിച്ച പതിപ്പുകൾ ഉൾപ്പെടെ മറ്റ് നിരവധി രാജ്യങ്ങളുടെ പവലിയനുകളുടെ വിശദാംശങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കുന്നതാണ്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിന്ന് മുക്തമാക്കുന്ന രീതിയിലാണ് എക്‌സ്‌പോ സിറ്റി ദുബായ് ഒരുക്കുന്നത്. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും 80% നിലനിർത്തുന്ന രീതിയിൽ ഒരുങ്ങുന്ന ഈ നഗരം സുസ്ഥിര ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സുകൾക്ക് ധാരാളം അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

WAM