ദോഫാർ ഗവർണറേറ്റിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ നിലവിൽ വന്നു; പരിശോധനകൾ കർശനമാക്കി റോയൽ ഒമാൻ പോലീസ്

GCC News

ദോഫാർ ഗവർണറേറ്റിൽ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഏപ്രിൽ 17, ശനിയാഴ്ച്ച വൈകീട്ട് 6 മണി മുതൽ പ്രാബല്യത്തിൽ വന്നു. സുപ്രീം കമ്മിറ്റിയുടെ പ്രത്യേക ഉത്തരവ് പ്രകാരം, ദോഫാർ ഗവർണറേറ്റിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ മറ്റു ഗവർണറേറ്റുകളിൽ നിന്ന് വ്യത്യസ്തമായി ദിനവും നാല് മണിക്കൂർ അധിക സമയത്തേക്ക് ഏർപ്പെടുത്തുന്നതാണ്.

ഏപ്രിൽ 17 മുതൽ ദോഫാർ ഗവർണറേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി ഏപ്രിൽ 16-ന് രാത്രി വ്യക്തമാക്കിയിരുന്നു. റമദാനിൽ ദോഫാർ ഗവർണറേറ്റിലൊഴികെ ഒമാനിലുടനീളം പ്രതിദിനം 7 മണിക്കൂർ നേരത്തേക്കാണ് രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ദോഫാർ ഗവർണറേറ്റിലെ ആരോഗ്യ മേഖലയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ദിനവും 11 മണിക്കൂറാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ദോഫാർ ഗവർണറേറ്റിൽ ഏപ്രിൽ 17 മുതൽ, ദിനവും വൈകീട്ട് 6 മണി മുതൽ പുലർച്ചെ 5 മണി വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല. മറ്റു ഗവർണറേറ്റുകളിൽ ദിനവും രാത്രി 9 മുതൽ രാവിലെ 4 മണിവരെയാണ് സുപ്രീം കമ്മിറ്റി റമദാനിൽ യാത്രാ വിലക്കുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ദോഫാർ ഗവർണറേറ്റിലെ COVID-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ദിനവും നിയന്ത്രണങ്ങൾ കൂടുതൽ നേരത്തേക്ക് ഏർപ്പെടുത്താനുള്ള ഈ തീരുമാനം. ഈ തീരുമാനം കമ്മിറ്റി പിന്നീട് പുനഃപരിശോധിക്കുമെന്നും, ആവശ്യമെങ്കിൽ ഗവർണറേറ്റിൽ പൂർണ്ണമായ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനിടയുണ്ടെന്നും സുപ്രീം കമ്മിറ്റി സൂചിപ്പിച്ചിരുന്നു. അതിവേഗം പടരുന്ന രോഗബാധ മൂലം തീവ്രപരിചരണം ആവശ്യമാകുന്ന രോഗികളുടെ എണ്ണവും, മരണനിരക്കും ദോഫാർ ഗവർണറേറ്റിൽ ദിനംപ്രതി ഉയരുകയാണ്.

ഈ സഹചര്യത്തിൽ പൊതുസമൂഹത്തോട് ജാഗ്രത തുടരാനും മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം, ഒത്ത്‌ചേരലുകൾ ഒഴിവാക്കൽ മുതലായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും കമ്മിറ്റി ആവശ്യപ്പെട്ടു. ഇഫ്താർ സംഗമങ്ങൾ, ശവസംസ്‌കാരച്ചടങ്ങുകൾ, വിവാഹം മുതലായ സാമൂഹിക ചടങ്ങുകൾ ഒഴിവാക്കാനും, വാണിജ്യ സ്ഥാപനങ്ങളിലേക്കും, മാളുകളിലേക്കും, മാർക്കറ്റുകളിലേക്കും മറ്റുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും, തിരക്കേറിയ സമയങ്ങളിൽ ഇത്തരം യാത്രകൾ തീർത്തും ഒഴിവാക്കാനും കമ്മിറ്റി ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ദോഫാർ ഗവർണറേറ്റിൽ പരിശോധനകൾ കർശനമാക്കിയതായി റോയൽ ഒമാൻ പോലീസ്

ദോഫാർ ഗവർണറേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം നടപ്പിലാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ദിനവും വൈകീട്ട് 6 മണി മുതൽ പുലർച്ചെ 5 മണി വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടതായി ROP പബ്ലിക് റിലേഷൻസ് വിഭാഗത്തിലെ മേജർ താരിഖ് ബിൻ അവാദ് അൽ ഷൻഫാരി അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സുപ്രീം കമ്മിറ്റിയുടെ ഈ തീരുമാനം നടപ്പിലാക്കുന്നതിൽ ദോഫാർ ഗവർണറേറ്റിലെ സമൂഹത്തിലെ മുഴുവൻ അംഗങ്ങളിൽ നിന്നും പൂർണ്ണ സഹകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനുള്ള വാഹനങ്ങൾ, ഇലെക്ട്രിസിറ്റി, ജലവിതരണം, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ, മലിനജലം നീക്കം ചെയ്യുന്നതിനുള്ള വാഹനങ്ങൾ, ആംബുലൻസുകൾ, 3 ടണ്ണിലധികം ഭാരമുള്ള ട്രക്കുകൾ മുതലായവയ്ക്ക് ലോക്ക്ഡൌൺ കാലയളവിൽ സഞ്ചാരാനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർ, എയർപോർട്ടിലെ ജീവനക്കാർ, വ്യോമയാത്രികർ, മാധ്യമ പ്രവർത്തകർ മുതലായവർക്കും സഞ്ചാരാനുമതി ഉണ്ടായിരിക്കും.