അന്ന് ബാംഗ്ലൂർ – ഇന്നത് ബംഗളുരു, ഭൂമിക്കു അധികം മാറ്റങ്ങൾ വന്നില്ലെങ്കിലും ആളുകളുടെ മനസ്സിന് വന്ന മാറ്റമോ, അതോ വിവേചന കുശലതയോ, മാറ്റം വരുന്നെന്നു തോന്നിപ്പിക്കാനായിരിക്കാം പേരിൽ ഒരു മാറ്റം. ജീവിതത്തിനു അന്നും ഈ നഗരത്തിൽ തിരക്കുകൂടുതലായിരുന്നു ഇന്നത് ഒന്നുകൂടി കൂടിയതു കൊണ്ടാകാം വൃദ്ധസദനങ്ങളുടെ എണ്ണം ഇത്രകൂടുന്നത്. വാക്കുകൾ കടമെടുത്തതാണ്; ഏകദേശം പത്തുവർഷത്തിനിപ്പുറം അവിടെ യാത്ര ചെയ്തപ്പോൾ അന്ന് കൂടെ ജോലിയെടുത്തിരുന്ന ഒരു സുഹൃത്തിന്റെ വാക്കുകളാണിത്.
ബന്നാർഘട്ട – നഗരത്തിന്റെ തിരക്കിൽ നിന്നല്പം മാറി സ്ഥിതിചെയ്യുന്ന ഒരു ബാംഗ്ലൂർ പ്രദേശം. ജോലിയെടുത്തിരുന്നത് വാർത്തകളെ വിലയ്ക്ക് വച്ച് വിൽക്കുന്ന ഒരു മാധ്യമസ്ഥാപനത്തിലായിരുന്നതുകൊണ്ടാകാം കുറച്ചു നല്ല മാധ്യമ സുഹൃത്തുക്കളുണ്ടായിരുന്നു. അതിലൊരാൾ വർധിച്ചുവരുന്ന വാർദ്ധക്യ ആലയങ്ങളെപ്പറ്റി ഒരു ലേഖനം ചെയ്യുന്നുണ്ടെന്നറിഞ്ഞു. ഒഴിവു ദിവസമായതുകൊണ്ടു അദ്ദേഹത്തിന്റെ കൂടെ ഞാനും കൂടി…അതിനായി ബന്നാർഘട്ടയിലുള്ള ഒരു വൃദ്ധസദനം തിരഞ്ഞെടുത്തു. അങ്ങോട്ടുള്ള യാത്ര മുഴുവൻ എന്താണിത്ര വൃദ്ധസദനങ്ങളെ പറ്റി വാർത്തയെടുക്കാനുള്ളത്… ആരുമില്ലാത്ത വയസ്സായവർക്കൊരു ആശ്രയം കൊടുക്കുന്ന കേന്ദ്രം, അതിന്റെ നന്മയെ കുറിച്ചായിരിക്കാം… ആലോചിച്ചിട്ടു കാര്യമില്ല നമ്മൾ കേൾക്കുന്ന വാർത്തകളെ വെറും എഴുത്തുകളായി മാത്രം കാണുന്ന തിരക്കിലാണ് ഭൂരിപക്ഷം മാധ്യമപ്രവർത്തകനും… അതുകൊണ്ടു അതിലെ നന്മയൊന്നും ചിലപ്പോൾ ചിന്തകളിൽ പോലും വന്നെന്നു വരില്ല… അന്നങ്ങിനെ ചിന്തിക്കാനാണ് തോന്നിയത്, ഇന്നതിന്റെ അന്തരാർത്ഥങ്ങൾ മനസ്സിലാക്കുന്നു, പരിതപിക്കുന്നു…
അവിടെയെത്തിയപ്പോൾ ഒരു ചെറിയ ഓഫീസ് റൂം.. ചെറുപ്പത്തിൽ നമ്മളെയൊക്കെ സ്കൂളിൽ ചേർക്കാൻ പോകുമ്പോൾ കണ്ടിട്ടില്ലേ; ഇന്ത്യയുടെ മാപ്പും, ഒരു ഗ്ലോബും, പിന്നെ ചുവരുകളിൽ മാത്രം കണ്ടിട്ടുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ ചിത്രവും, ഒരു പൂന്തോട്ടത്തിന്റെ ചിത്രവും… ആളുകളെ പിടിച്ചിരുത്തുന്ന കഥകളുടെ തിരച്ചിലിൽ എൻ്റെ സുഹൃത്ത് വ്യാപൃതനായി, ഞാൻ അവിടെ മാറി ഇരുന്നു… അന്ന് കണ്ട എല്ലാ മുഖത്തും ഞാൻ കണ്ട ഒരേ ഒരു വികാരം “പ്രതീക്ഷ” മാത്രമായിരുന്നു.. .എല്ലാവരുടെയും കണ്ണ് വിടർന്നു പ്രാകാശിക്കുന്നതായി നമുക്ക് തോന്നും, സ്വന്തം തെറ്റുകൊണ്ടല്ല അവർക്കു ഈ വിധിവന്നത് എന്ന് ഓരോ കണ്ണും നമ്മോടു പറയാതെ പറയുന്നു…
ഞാൻ വെയ്റ്റിംഗ് റൂമിൽ ഇരിക്കുമ്പോൾ ആ വലിയ നഗരത്തിലെ ഒരു ഡോക്ടറെ അവിടെവച്ചു കാണാനിടയായി, ആദ്യം കരുതി അദ്ദേഹം അവിടെ ആരെയെങ്കിലും ശുശ്രുഷിക്കാൻ വന്നതാകും എന്ന്… ഞാൻ അവിടെ ഇരുന്ന സെക്യൂരിറ്റിയോട് ചോദിച്ചു അദ്ദേഹം എന്താണിവിടെ? സാധാരണ നടന്നു വരുന്ന ചെക്കപ്പ് ആയിരിക്കുമല്ലേ? ഇതുകേട്ട അദ്ദേഹം ഒരു ചിരിയോടുകൂടി മറുപടി പറഞ്ഞു “ഏയ് അതൊന്ന്വല്ല, മൂപ്പർടെ അമ്മ ഇവിടെ ഉണ്ട്, ഇടയ്ക്കു വന്നു മരിച്ചില്ലെന്നു ഉറപ്പാക്കുന്നതാ. എന്തെങ്കിലും ഒപ്പിടിച്ചു വാങ്ങാൻ ആയിരിക്കാം…”. കേട്ടപ്പോൾ ഇന്നത്തെ നിർവികാരത അന്നിലാത്തതിനാലാകാം ഒരു ഞെട്ടലായിരുന്നു… വലിയ വീടും, വിദ്യാഭ്യാസവും, ഉദ്യോഗവും ഉള്ള ആ മർത്യൻ (മർത്യനിൽ മനുഷ്യഗുണം വരുമ്പോൾ അവനെ മനുഷ്യനായി കാണാം അത് വരെ ഓരോന്നും ഓരോ ജീവൻ മാത്രം…) എന്ത് തിരക്കിൻറെ പേരിലായാലും അമ്മയോട് കാണിച്ച നിന്ദ; ഈ മനുഷ്യഗുണം അദ്ദേഹത്തിൽ ഇല്ലാതാക്കിയിരിക്കുന്നു…
ആ അമ്മയുടെ പോലെതന്നെയായിരുന്നു അവിടെ ബാക്കിയുള്ള ഏറെകുറേപ്പേരുടെയും കഥകൾ അഥവാ അനുഭവങ്ങൾ…എന്നാൽ ഒരു പരാതിയും അവർ പുറത്തുനിന്നു വന്ന ഞങ്ങളോട് പറഞ്ഞില്ല..അത് ഒരു പക്ഷെ ആ മക്കളോടുള്ള സ്നേഹമായിരിക്കാം… ആ മക്കൾ തിരിച്ചറിയാതെ പോയ സ്നേഹം… അവരുടെ മക്കൾ തിരക്കിൽ നിന്നും തിരക്കിലേക്ക് പായുന്നതിൽ മേനി പറയുന്ന അച്ഛന്മാരെയും, മക്കൾക്കും, കൊച്ചു മക്കൾക്കും യാതൊരാപത്തും വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു ജീവിതം കഴിച്ചുകൂട്ടുന്ന അമ്മമാരും, എന്നെങ്കിലുമൊരിക്കൽ അവർ ഈ അവധിക്കാലം അവസാനിപ്പിച്ചു തിരിച്ചുകൊണ്ടുപോകാൻ വരുമെന്ന പ്രതീക്ഷ എല്ലാവരുടെ മുഖത്തും കാണാം…
പ്രമുഖരായ എഞ്ചിനീർമാരും, ഡോക്ടർമാരും, സോഫ്റ്റ്‌വെയർ കമ്പനികളിൽ നല്ല രീതിയിൽ സമ്പാദിക്കുന്നവരുമാണ് കൂടുതൽ പേരുടെയും മക്കൾ അഥവാ ഗാർഡിയൻ (മരിച്ചറിയിപ്പു കിട്ടേണ്ടവർ ) എന്ന കോളത്തിൽ കാണുന്നത്… എന്നാൽ അവരുടെ ചെലവുകൾ വഹിക്കുന്നവരുടെ പേരു വിവരത്തിൽ പലയിടത്തും ജനറൽ സ്പോൺസർ എന്ന് കാണുന്നു, മക്കൾക്ക് പകരം മനസ്സിൽ നന്മ്മയുള്ള കുറേപേരുടെ സഹായങ്ങളാണ് ഇതുപോലുള്ള ആശ്രയ കേന്ദ്രങ്ങളുടെ നട്ടെല്ലെന്നും, ഇവരെ ഇവിടെ കൊണ്ടുവിടുന്നവർ ഇതൊന്നും ആലോചിക്കാറില്ലെന്നും പറഞ്ഞറിഞ്ഞു… പിന്നീട് ഞാൻ എൻ്റെ സുഹൃത്തുമായി കൂടുതൽ ചോദിച്ചറിഞ്ഞപ്പോൾ ഇത് തന്നെയാണ് ഭൂരിപക്ഷം ആശ്രയ കേന്ദ്രങ്ങളിലുള്ളവരുടെയും അവസ്ഥ എന്നദ്ദേഹം പറഞ്ഞു…
വീണുകിട്ടിയ സമയം ഓരോരുത്തരുടെ അടുത്തും ചെന്ന് അവരുടെ വർത്തമാനങ്ങളിൽ പങ്കുചേർന്നു. അതിൽ രാഷ്ട്രീയമുണ്ട്, നാടിൻറെ വികസനമുണ്ട്, രാജ്യം നേരിടുന്ന പ്രശ്നങ്ങളുണ്ട്, എന്നാൽ ഒന്ന് മാത്രം അവർ ചർച്ച ചെയ്യുന്നത് കണ്ടില്ല, എന്തുകൊണ്ടാണ് അവരുടെ മക്കൾ ഇങ്ങിനെയൊരു തീരുമാനമെടുത്തത്? ഈ വിഷയം അവർ ആരും പരസ്പ്പരം ചോദിക്കുന്നില്ല, ഒരു പക്ഷെ എല്ലാവർക്കും ഒരേ ഉത്തരങ്ങളായതുകൊണ്ടും, ഒരച്ഛനും അമ്മയ്ക്കും സ്വന്തം മക്കളെ പറ്റി കുറ്റം പറയുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടുമായിരിക്കും…
അവിടെനിന്നിറങ്ങുമ്പോൾ വിടർന്ന കണ്ണുള്ള ചുളിവീണ നെറ്റിത്തടങ്ങളും, കവിളൊട്ടിയതുമായ ഒരു മുത്തശ്ശി എൻ്റെ കയ്യിൽ പിടിച്ചാരും കാണാത്തവണ്ണം കയ്യിൽ ഒളിപ്പിച്ചുവെച്ച ഒരു പാൽപേടയുടെ കഷ്ണം എനിക്ക് തന്നു.. മോൻ തിന്നോളൂ ആർക്കും കൊടുക്കേണ്ടന്നും പറഞ്ഞു.. അതുവരെ മനസ്സിനെ നിയന്ത്രിച്ചു പിടിച്ച എൻ്റെ ചങ്കിലും എന്തോ ഒരു വൈഷമ്യവും വേദനയും… നന്നായി മനസ്സ് വേദനിക്കുമ്പോൾ ഉള്ള് തേങ്ങിയതാകാം… ആ അമ്മ അവരുടെ മകനോ കൊച്ചുമക്കൾക്കോ കൊടുക്കാനാഗ്രഹിച്ചതായിരിക്കാം…
അമ്മമാരുടെ കണ്ണീരിനു പൊള്ളുന്ന ചൂടാണ്… അതിൽ വെന്തുരുകാതിരിക്കട്ടെ… അവിടെയും നിങ്ങളെ കാക്കുന്നത് അവരുടെ പ്രാർത്ഥനകളായിരിക്കാം…
നിർത്തുന്നു, നടന്നു നീങ്ങുന്നു…
തയ്യാറാക്കിയത്: Vikas Bavanth, Abu Dhabi, U.A.E.