ഫുജൈറയിലെ ഏതാനം വാണിജ്യ മേഖലകളിലെ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ലൈസൻസ് ഫീ, നികുതി തുകകൾ എന്നിവ ഒഴിവാക്കി കൊണ്ട് ഫുജൈറ ഭരണാധികാരി H.H. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഉത്തരവിട്ടു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിൽ അനുഭവപെട്ടിട്ടുള്ള സാമ്പത്തിക മാന്ദ്യവും, വാണിജ്യ സ്ഥാപനങ്ങൾ നേരിടുന്ന അടച്ചു പൂട്ടൽ ഭീഷണിയും കണക്കിലെടുത്താണ് ഈ നടപടി. ഇതിന്റെ ഭാഗമായി 2020 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ലൈസൻസ് ഫീ, നികുതി തുകകൾ എന്നിവ ഈടാക്കുന്നത് ഒഴിവാക്കും.
വെള്ളിയാഴ്ച ചന്തകൾ, മാംസ വ്യാപാരം, മുട്ട വ്യാപാരം, ടൈലറിംഗ് ഷോപ്പ്, സിനിമ ശാലകൾ, ഗെയിമിംഗ് സെന്ററുകൾ, ഷോപ്പിംഗ് മാളുകളിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഫിറ്റനസ് കേന്ദ്രങ്ങൾ, ഹെൽത് ക്ലബുകൾ, സലൂണുകൾ, വിവാഹ ഹാളുകൾ എന്നിവയുടെ വാർഷിക ലൈസൻസ് ഫീസാണ് ഈ വർഷം ഒഴിവാക്കുന്നത്. റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയ്ക്കാണ് ഫുജൈറയിലെ വാർഷിക നികുതി തുകകളിൽ ഇളവ് നൽകുന്നത്.
ഈ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുത്തുന്നതിന് വേണ്ടപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.