സൗദി: പെർമിറ്റിലാത്ത തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി

GCC News

ഹജ്ജ് പെർമിറ്റില്ലാത്ത തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് ജനറൽ ഡയറക്ടറേറ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) വ്യക്തമാക്കി. ഇത്തരത്തിൽ അനധികൃതമായി തീർത്ഥാടകരെ എത്തിക്കുന്നവർക്കെതിരെ, നിയമലംഘനങ്ങൾക്കുള്ള ശിക്ഷാനടപടികൾക്ക് പുറമെ, സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ അപകടത്തിലാക്കുന്ന തരത്തിൽ പെരുമാറി എന്ന അധിക കുറ്റം ചുമത്തുന്നതാണ്.

ഈ നിയമലംഘനങ്ങൾക്ക് പിഴ, തടവ്, തീർത്ഥാടകരെ എത്തിക്കാനുപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുക്കുക മുതലായ ശിക്ഷാ നടപടികളും ലഭിക്കുമെന്ന് ജവാസത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്തുന്നതുൾപ്പടെയുള്ള നടപടികളും കൈക്കൊള്ളുമെന്ന് അധികൃതർ വ്യക്തമാക്കി.

വാഹനങ്ങളിൽ അനധികൃതമായി തീർത്ഥാടകരെ എത്തിക്കുന്നവർക്ക്, വാഹനത്തിലുള്ള ഓരോ തീർത്ഥാടകരുടെയും എണ്ണമനുസരിച്ച്, 10000 റിയാൽ വീതം പിഴ ചുമത്തുന്നതാണ്. ഇതിനു പുറമെ 15 ദിവസത്തെ തടവ് ശിക്ഷയും ലഭിക്കുന്നതാണ്. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.

ഹജ്ജ് തീർത്ഥാടനത്തിന് അനുവാദം ലഭിച്ചിട്ടുള്ളവർക്കും, തീർത്ഥാടനവുമായി ബന്ധപ്പെട്ട ജീവനക്കാർ, പ്രവർത്തകർ മുതലായ പ്രത്യേക അനുവാദം ലഭിച്ചിട്ടുള്ളവർക്കും മാത്രമായിരിക്കും ഈ വർഷം മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശനം നൽകുക എന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. COVID-19 രോഗവ്യാപനം തടയുന്നതിനും, തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും സൗദി അറേബ്യ തയ്യാറാക്കിയ ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടത്തിലെ മാനദണ്ഡങ്ങൾ പ്രകാരമാണ് ഈ നടപടി.

ജൂലൈ 19 മുതൽ ഹജ്ജ് തീർത്ഥാടനത്തിന്റെ കാലയളവിൽ, പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിൽ പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ അനധികൃതമായി തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ ഒരുക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചു കൊണ്ട് ജവാസത്ത് ഉത്തരവിട്ടത്. ഈ മേഖലയിലേക്കുള്ള മാർഗങ്ങളിലെല്ലാം ഞായറാഴ്ച്ച രാവിലെ മുതൽ അനധികൃതമായി പ്രവേശിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക സുരക്ഷാ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.