സൗദി: ഹജ്ജ് പെർമിറ്റിലാത്ത തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ നൽകുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

Saudi Arabia

ഹജ്ജ് പെർമിറ്റില്ലാത്ത തീർത്ഥാടകർക്ക് യാത്രാസൗകര്യങ്ങൾ നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ തടവ്, പിഴ തുടങ്ങിയ കർശന നടപടികൾ കൈക്കൊള്ളുമെന്ന് സൗദി ജനറൽ ഡയറക്ടറേറ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) വ്യക്തമാക്കി. ഇത്തരം പ്രവർത്തികൾക്ക് പിടിക്കപ്പെടുന്നവർക്ക് ആറ് മാസം തടവും, 50000 റിയാൽ പിഴയും ചുമത്തുന്നതാണ്.

ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ പേരുവിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്നും, തീർത്ഥാടകരെ എത്തിക്കാനുപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. വാഹനങ്ങളിൽ അനധികൃതമായി തീർത്ഥാടകരെ എത്തിക്കുന്നവർക്ക്, വാഹനത്തിലുള്ള ഓരോ തീർത്ഥാടകരുടെയും എണ്ണമനുസരിച്ച് ഇരട്ടി പിഴ ചുമത്തുന്നതാണ്.

ഹജ്ജ് പെർമിറ്റുകളില്ലാതെയോ, വ്യാജ ഹജ്ജ് പെർമിറ്റുകൾ ഉപയോഗിച്ചോ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന പ്രവാസികളെ നാടുകടത്തുമെന്നും, ഇവർക്ക് 10 വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന സുരക്ഷാ നിയന്ത്രണങ്ങളും, വ്യവസ്ഥകളും മറികടന്ന മൂന്ന് പേരെ പിടികൂടിയതായി ഹജ്ജ് സുരക്ഷാ വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2021 ജൂലൈ 5 മുതൽ ജൂലൈ 23 വരെ, മക്കയിലെ ഗ്രാൻഡ് മോസ്‌ക്, പരിസര പ്രദേശങ്ങൾ, മിന, മുസ്ദലിഫ, അറഫ മുതലായ പുണ്യസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് ഹജ്ജ് പെർമിറ്റുകളുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത് സംബന്ധിച്ച വീഴ്ച്ചകൾ വരുത്തുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്നും, നിയമലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.