ഹംദാൻ സ്ട്രീറ്റിലെ ഒരു കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ ആളപായമോ, പരിക്കോ ഉണ്ടായിട്ടില്ലെന്ന് അബുദാബി സിവിൽ ഡിഫെൻസ് അതോറിറ്റി അറിയിച്ചു. ഇന്ന് (2022 ഫെബ്രുവരി 9, ബുധനാഴ്ച്ച) പുലർച്ചെ 12.09-നാണ് ഈ തീപ്പിടുത്തം ഉണ്ടായത്.
തീ അണച്ചതായും, കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചതായും സിവിൽ ഡിഫെൻസ് അധികൃതരെ ഉദ്ധരിച്ച് കൊണ്ട് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഫെബ്രുവരി 9-ന് പുലർച്ചെ 2:31-ന് റിപ്പോർട്ട് ചെയ്തു. ഈ അപകടം സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാനും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
WAM