ഉംറ തീർത്ഥാടനം: വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തി

GCC News

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കാൻ അനുവാദം ലഭിച്ച വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തി. നവംബർ 1, ഞായറാഴ്ച്ചയാണ് ഇന്തോനേഷ്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുളള വിദേശ തീർത്ഥാടകർ സൗദിയിൽ എത്തിയത്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ ഇവരെ സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ താഹിർ ബെന്തെൻ, മന്ത്രാലയത്തിലെ മറ്റു അധികൃതർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉംറ തീർത്ഥാടനത്തിനായി വിദേശത്തു നിന്നുള്ള തീർത്ഥാടകർ സൗദിയിലെത്തുന്നത്. വൈകീട്ട് 4 മണിക്ക് പാകിസ്ഥാനിൽ നിന്നെത്തിയ വിമാനത്തിൽ 38 തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. തുടർന്ന് ആറ് മണിയോടെ ഇന്തോനേഷ്യയിൽ നിന്നുള്ള 224 തീർത്ഥാടകരുമായുള്ള വിമാനവും സൗദിയിൽ എത്തിച്ചേർന്നു.

രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശ തീർത്ഥാടകർക്ക് കൂടി ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുന്ന തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടം നവംബർ 1-ന് ആരംഭിച്ചിതിന്റെ ഭാഗമായാണ് വിദേശ തീർത്ഥാടകർ സൗദിയിൽ എത്തുന്നത്. ഇത്തരത്തിൽ പ്രത്യേക ഉംറ പെർമിറ്റുകൾ നേടി വിദേശങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് സൗദിയിൽ മൂന്ന് ദിവസത്തെ ക്വാറന്റീനു ശേഷമാണ് ഉംറ തീർത്ഥാടനത്തിനായുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്നത്. ഇത്തരത്തിൽ എത്തുന്ന വിദേശ തീർത്ഥാടകർക്ക് 3 ദിവസത്തെ ക്വാറന്റീൻ ഉൾപ്പടെ, ആകെ പത്ത് ദിവസമാണ് സൗദിയിൽ തങ്ങാൻ അനുവാദം നൽകുന്നത്.

വിദേശത്തു നിന്നുള്ള തീർത്ഥാടകർക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് ഫലം നിർബന്ധമാണ്. തീർത്ഥാടനത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി 20 തീർത്ഥാടകർ അടങ്ങുന്ന 500 സംഘങ്ങളായാണ് തീർത്ഥാടന ചടങ്ങുകളിലേക്ക് ഇവർക്ക് പ്രവേശനം നൽകുന്നത്. 18-നും, 50-നും ഇടയിൽ പ്രായമുള്ള വിദേശികൾക്കാണ് തീർത്ഥാടനത്തിന് അനുമതി നൽകുന്നത്. നിലവിൽ സൗദിയ വിമാനങ്ങൾ മാത്രമാണ് വിദേശ തീർത്ഥാടകർക്കായി സർവീസുകൾ നടത്തുന്നത്.

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പ്രതിദിനം പരമാവധി 20000 തീർത്ഥാടകർക്കാണ് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുന്നത്. ഇതിനു പുറമെ മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്ക് പ്രാർത്ഥനകൾക്കായി 60000 പേർക്ക് പ്രതിദിനം പ്രവേശനാനുവാദം നൽകുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.