സൗദി: ഹജ്ജ് തീർത്ഥാടകർ മക്കയിലെത്തി

Saudi Arabia

ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം സുരക്ഷിതരായി മക്കയിലെത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരെ 2021 ജൂലൈ 17, 18 തീയതികളിൽ നാല് കേന്ദ്രങ്ങളിലായി സ്വീകരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ജൂലൈ 17-ന് മക്കയിലെത്തിയ തീർത്ഥാടകരെ നാല് പ്രവേശന കവാടങ്ങളിലൂടെയാണ് നഗരത്തിലേക്ക് പ്രവേശിപ്പിച്ചത്. ഇവരെ ബസുകളിൽ ഗ്രാൻഡ് മോസ്കിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് കർശനമായ COVID-19 സുരക്ഷാ മുന്നൊരുക്കങ്ങളോടെ ആദ്യ ബാച്ച് തീർത്ഥാടകർ ത്വവാഫ് ചടങ്ങുകൾ പൂർത്തിയാക്കിയതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ ചടങ്ങിന് ശേഷം ഇവരെ ബസുകളിൽ താത്കാലിക താമസയിടങ്ങളിലേക്ക് എത്തിച്ചതായും അധികൃതർ വ്യക്തമാക്കി.

ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ജൂലൈ 9-ന് അറിയിച്ചിരുന്നു. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ 60000 പ്രാദേശിക തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്.

2021 ജൂലൈ 5 മുതൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, പരിസരങ്ങളിലേക്കും, ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 5 മുതൽ ഹജ്ജ് തീർത്ഥാടനം അവസാനിക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.