സൗദി: പുരാവസ്തു സർവ്വേയുടെ ആദ്യ ഘട്ടം അൽ ജൗഫ് മേഖലയിൽ നിന്ന് ആരംഭിച്ചതായി ഹെറിറ്റേജ് കമ്മീഷൻ

GCC News

രാജ്യത്തെ ശിലാ നിർമ്മിതികളെക്കുറിച്ച് പഠിക്കുന്നതിനും, അവയെ രേഖപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പുരാവസ്തു സർവ്വേയുടെ ആദ്യ ഘട്ടത്തിന് സൗദി ഹെറിറ്റേജ് കമ്മീഷൻ തുടക്കമിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂൺ 1-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ പ്രിൻസ് ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാന്റെ നേതൃത്വത്തിലാണ് ഈ സർവ്വേ ആരംഭിച്ചിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ പുരാവസ്‌തുശാസ്‌ത്ര സംബന്ധിയായി നടക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് ഈ സർവ്വേ.

ഇതിന്റെ ആദ്യ ഘട്ടം അൽ ജൗഫ് മേഖലയിലും, നോർത്തേൺ ബോർഡർ മേഖലയിലുമായാണ് ആരംഭിച്ചിരിക്കുന്നത്. ഈ മേഖലയിൽ കണ്ടുവരുന്ന ശിലാ നിർമ്മിതികളുമായി ബന്ധപ്പെട്ട സംസ്കാരം, സാമൂഹിക സാഹചര്യങ്ങൾ, പരിസ്ഥിതി മുതലായ വിഷയങ്ങളെക്കുറിച്ച് സമഗ്രമായതും, അമൂല്യമായതുമായ വിവരങ്ങൾ കണ്ടെത്തുന്നതിന് ഈ സർവ്വേ സഹായകമാകുമെന്നാണ് കരുതുന്നത്.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ശിലാ നിർമ്മിതികളുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. മേഖലയിലെ പ്രാചീന ശിലായുഗകാലഘട്ടത്തെ സംബന്ധിച്ചുള്ള അറിവുകളെ ഈ സർവ്വേ സമ്പുഷ്‌ടമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം നിർമ്മിതികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടും ഈ സർവ്വേയ്ക്ക് വലിയ പ്രാധാന്യമുണ്ട്.