ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഏപ്രിൽ 24 മുതൽ; ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വ്യോമയാന സേവനങ്ങൾ തുടരും

Oman

2021 ഏപ്രിൽ 24 മുതൽ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം നടപ്പിലാക്കുന്ന യാത്രാ വിലക്കുകൾ ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവീസുകൾക്ക് മാത്രമാണ് ബാധകമാകുന്നതെന്നും, ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ഇത് ബാധകമല്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (CAA) സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ടാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒമാനിൽ നിന്ന് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കുള്ള വ്യോമയാന സേവനങ്ങൾ തുടരുന്നതിന് തടസങ്ങളില്ലാ എന്നാണ് CAA അധികൃതർ നൽകുന്ന സൂചന. ഒമാനിലേക്ക് ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് വിലക്കേർപ്പെടുത്തുന്നതെന്നും, ഒമാനിൽ നിന്ന് ഈ രാജ്യങ്ങളിലേക്ക് മടങ്ങുന്ന വിമാനങ്ങൾക്കും, ചരക്ക് വിമാനങ്ങൾക്കും വിലക്ക് ബാധകമല്ലെന്നും അധികൃതർ അറിയിച്ചതായാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തുന്ന വിലക്കുകൾ ഏപ്രിൽ 24-ന് വൈകീട്ട് 6 മണി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വിലക്കുകൾ തുടരുന്നതാണ്.

ഒമാനിലേക്ക് പ്രവേശിക്കുന്ന തീയ്യതിക്ക് 14 ദിവസം മുൻപ് ഈ മൂന്ന് രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും, ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് യാത്രികരായ സഞ്ചരിച്ചവർക്കും ഈ വിലക്ക് ബാധകമാണ്. ഒമാൻ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്, ഒമാനിലേക്ക് യാത്രാ വിലക്കുകൾ ഇല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം, രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.